ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നത് കോളേജ് ബിരുദധാരികളല്ല, മറിച്ച് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞയുടൻ പഠനം നിർത്തിയവരാകാമെന്ന് പ്രമുഖ നിക്ഷേപകനും മാർസെല്ലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനുമായ സൗരഭ് മുഖർജി . അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം യുവാക്കൾക്ക് നൽകുന്ന യഥാർത്ഥ മൂല്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.
ഇന്ത്യയിലെ വിദ്യാഭ്യാസം ഇപ്പോഴും കാര്യങ്ങൾ കാണാതെ പഠിച്ച് പരീക്ഷാഹാളിൽ എഴുതിവെക്കുന്ന (Rote learning) പഴയ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. എ.ഐ (AI), ഇലക്ട്രിക് വാഹനങ്ങൾ, ബയോടെക്നോളജി, ക്ലീൻ ടെക്നോളജി തുടങ്ങിയ ആധുനിക മേഖലകളിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ രീതിക്ക് സാധിക്കുന്നില്ല.
ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്കിലെ കണക്കുകൾ പരിശോധിച്ചാൽ തന്നെ ഈ പ്രശ്നത്തിന്റെ ആഴം മനസ്സിലാകുമെന്ന് സൗരഭ് മുഖർജി ചൂണ്ടിക്കാണിക്കുന്നു. കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന 100 ബിരുദധാരികളിൽ വെറും 3 പേർക്ക് മാത്രമാണ് പഠനം കഴിഞ്ഞ വർഷം തന്നെ ജോലി ലഭിക്കുന്നത്. ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 30 മുതൽ 40 ശതമാനം വരെയാണെങ്കിൽ, നിരക്ഷരർക്കിടയിൽ ഇത് വെറും 3 ശതമാനം മാത്രമാണ്.
കഴിവുകൾ വളർത്തുന്നതിന് പകരം വെറുതെ മനഃപാഠമാക്കുന്ന രീതിയാണ് കോളേജുകളിൽ ഉള്ളതെന്നും, അതിനാൽ ഇന്ത്യയിൽ സർവകലാശാലകളിൽ പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ തലം മുതൽക്കേ കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെന്നും ഈ കാണാതെ പഠിക്കൽ സമ്പ്രദായം കാരണം പുതിയ സാങ്കേതിക മേഖലകളിൽ മുന്നേറാൻ ഇന്ത്യ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കോളേജ് ബിരുദം ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യത നൽകുന്നില്ലെന്ന സൂചനയാണ് തൊഴിലുടമകൾ ഇപ്പോൾ നൽകുന്നത്. തന്റെ ‘ബ്രേക്ക്പോയിന്റ്’ (Breakpoint) എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട്, പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞയുടൻ പഠനം നിർത്തി ജോലിക്കിറങ്ങിയവരാണ് ഇന്ത്യയിൽ പലപ്പോഴും മികച്ച വരുമാനം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലെ തൊഴിൽ മേഖലയെ ഉദാഹരണമാക്കി അദ്ദേഹം ഇത് വിശദീകരിച്ചു.
എയർകണ്ടീഷണർ മുറിയിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ബിരുദധാരിയെക്കാൾ ഇരട്ടി ശമ്പളം നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്ന ഒരു സാധാരണ തൊഴിലാളിക്ക് ലഭിച്ചേക്കാം. ഒരു ജെ.സി.ബി (JCB) ഓപ്പറേറ്റർക്ക് അതിലും കൂടുതൽ വരുമാനം നേടാനാകും. ഇത് കേവലം ഒരു വിദ്യാഭ്യാസ പ്രശ്നം മാത്രമല്ല, സാമ്പത്തിക പ്രശ്നം കൂടിയാണ്. ആധുനിക ലോകത്ത് ഇന്ത്യക്ക് മറ്റ് രാജ്യങ്ങളോട് മത്സരിക്കണമെങ്കിൽ, കാര്യങ്ങൾ കാണാതെ പഠിക്കുന്ന രീതി അവസാനിപ്പിച്ച് യുവാക്കളെ സ്വന്തമായി ചിന്തിക്കാൻ പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതി ഇവിടെ ഉണ്ടാകണമെന്നും സൗരഭ് മുഖർജി വ്യക്തമാക്കുന്നു.




