ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവെച്ചതിന് പിന്നില്‍ വരന്‍ പലാഷ് മുച്ചലിന്‍റെ മറ്റുബന്ധങ്ങളെന്ന് അഭ്യൂഹം. തുടക്കത്തിൽ മന്ദാനയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലാഷ് മേരി ഡി കോസ്റ്റ എന്ന കൊറിയോഗ്രാഫറുമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലൊരഭ്യൂഹം പ്രചരിക്കുന്നത്.
ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും നീക്കം ചെയ്തിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി. സ്മൃതി മന്ദാനയോ പലാഷ് മുച്ചലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
പലാഷ് ഒരു കൊറിയോഗ്രാഫറുമായി മോശമായ ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ആരോപിക്കുന്ന ഒരു പുതിയ സ്ക്രീന്‍ഷോട്ട് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. വിവാഹ ആഘോഷങ്ങൾക്കുള്ള കൊറിയോഗ്രാഫി കൈകാര്യം ചെയ്യാൻ നിശ്ചയിച്ചിരുന്ന മേരി ഡി കോസ്റ്റ എന്ന കൊറിയോഗ്രാഫറുമായി ഈ അഭ്യൂഹങ്ങളെ സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ബന്ധിപ്പിക്കുന്നു.
അവര്‍ തന്നെയാണ് സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടതെന്നും കരുതുന്നു. യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്റെ മറുപടികളുമാണ് ചാറ്റിലുള്ളത്. പ്രണയാതുരമായ സന്ദേശങ്ങളും ചാറ്റുകളിലുണ്ട്. സ്ക്രീൻഷോട്ടുകളിൽ യുവതിയുടെ രൂപഭംഗിയെ പ്രശംസിക്കുകയും ചെയ്യുന്നു. സ്പായിലേക്കും ബീച്ചിലേക്കും അടക്കം ക്ഷണിക്കുന്നതും ചാറ്റുകളിലുണ്ട്.
അതേസമയം, ഇത് പലാഷിന്‍റെ ചാറ്റുകള്‍ തന്നെയാണ് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചർച്ചകൾക്കും അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എല്ലാ എൻഗേജ്‌മെന്റ്, വിവാഹ പോസ്റ്റുകളും സ്മൃതി നീക്കം ചെയ്തത് ഇതുമായി ബന്ധപ്പെട്ടാണെന്നാണ് ആരാധകർ കരുതുന്നത്.
ചിലർ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഓൺലൈൻ അഭിപ്രായങ്ങളിൽ ഭൂരിഭാഗവും പലാഷിനെ വിമർശിക്കുന്നതായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള റിഹേഴ്സലുകൾക്കിടയിൽ പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതായി ചില അജ്ഞാത ഉപയോക്താക്കൾ പറഞ്ഞുവെന്ന സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും ഉയർന്നു വന്നു. സ്മൃതിയുടെ കുടുംബം സങ്കീര്‍ണമായ സഹാചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അച്ഛന്‍ അടുത്തില്ലാതെ വിവാഹം നടത്തേണ്ടെന്ന് സ്മൃതി നിലപാടെടുത്തതോടെയാണ് വിവാഹം മാറ്റി വച്ചത്.




