Crime

ഭാര്യയെ മടുത്തു: 50,000 രൂപയ്ക്ക് കൂട്ടുകാര്‍ക്ക് വിറ്റു; യുവതി ബലാത്സംഗത്തിനിരയായത് 10 ദിവസം!

അഹമ്മദാബാദ്: ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് മനുഷ്യക്കടത്തിന്റെയും ക്രൂരമായ ലൈംഗിക അതിക്രമത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തന്റെ 26 വയസ്സുള്ള ഭാര്യയെ സ്വന്തം ഭർത്താവ് തന്നെ 50,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം ക്രൂരമായ ലൈംഗിക പീഡനങ്ങൾ അനുഭവിച്ച യുവതിയെ പോലീസ് രക്ഷപ്പെടുത്തുകയും, ഭർത്താവ് ഉൾപ്പെടെ ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വടക്കൻ ഗുജറാത്തിലെ പാലൻപൂരിൽ സാധാരണ രീതിയിൽ രജിസ്റ്റർ ചെയ്ത ഒരു ‘കാണാതായി’ എന്ന പരാതിയാണ്, ഒടുവിൽ മനുഷ്യക്കടത്തിന്റെയും കടുത്ത ലൈംഗിക പീഡനത്തിന്റെയും വഞ്ചനയുടെയും ഞെട്ടിക്കുന്ന കഥയായി മാറിയത്.

ഭർത്താവ് 50,000 രൂപയ്ക്ക് വിറ്റ യുവതിയെ ദിവസങ്ങളോളം തുടർച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. 12 വർഷമായി യുവതിയുടെ ഭർത്താവായിരുന്നയാൾ അടക്കം ആറ് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഭാര്യയെ ഒഴിവാക്കാനും മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരാനും ഭർത്താവ് ആഗ്രഹിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

മുപ്പത് വയസ്സുള്ള ഭർത്താവ് തന്റെ രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഭാര്യയെ ഒഴിവാക്കാൻ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് തന്നോട് വെറുപ്പായിരുന്നുവെന്നും, മറ്റൊരു സ്ത്രീയെ വീട്ടിൽ താമസിപ്പിക്കാൻ വേണ്ടി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇരയായ യുവതി പോലീസിനോട് പറഞ്ഞു.

കുറ്റകൃത്യം ഒളിപ്പുവെക്കാൻ വേണ്ടി, ഭാര്യ ആരെയും അറിയിക്കാതെ വീടുവിട്ടുപോയെന്ന് കാണിച്ച് മെയ് 11-ന് ഭർത്താവ് പാലൻപൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ പോലീസിന് സംശയം തോന്നുകയും ഭർത്താവിനെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഭയന്ന ഇയാൾ ഒളിവിൽ പോയി. തൊട്ടുപിന്നാലെ, മകനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ പിതാവ് മറ്റൊരു പരാതി നൽകി. ഈ പരാതികളിലെ വ്യത്യാസങ്ങളാണ് പോലീസിന്റെ അന്വേഷണം ഊർജിതമാക്കിയത്.

മെയ് 10-ന് ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ തന്ത്രപൂർവ്വം ഒരു ഫ്ലാറ്റിലെത്തിക്കുകയും, അവിടെവെച്ച് അതിലൊരാൾ യുവതിയെ രണ്ടുതവണ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് കണ്ടെത്തി. പിന്നീട് മറ്റൊരു ഗ്രാമത്തിലുള്ളവർക്ക് 1.5 ലക്ഷം രൂപയ്ക്ക് യുവതിയെ കൈമാറാൻ ഉറപ്പിച്ചു. ഇതിൽ 50,000 രൂപ മുൻകൂറായി വാങ്ങിയിരുന്നു. തുടർന്ന് ഒരു വീട്ടിൽ പൂട്ടിയിട്ട് ഒരാഴ്ചയോളം യുവതിയെ നിരന്തരം പീഡിപ്പിച്ചു.

മെയ് 21-നാണ് പോലീസ് യുവതിയെ അവിടെനിന്ന് രക്ഷപ്പെടുത്തിയത്. ഭർത്താവ് മുൻപും ഇത്തരത്തിൽ വഞ്ചനകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ മുൻപ് വിവാഹിതരായ രണ്ട് സ്ത്രീകളെ പ്രണയം നടിച്ച് കൂടെക്കൂട്ടുകയും, പിന്നീട് ആ രണ്ട് സ്ത്രീകളെയും കാണാതാവുകയും ചെയ്തിട്ടുണ്ട്.