സൽമാൻ ഖാൻ നായകനായ ‘മേനെ പ്യാർ കിയ’ (1989) എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് സൽമാൻ ഖാൻ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. 1989-ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ഭാഗ്യശ്രീക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചപ്പോൾ സൽമാൻ ഖാന് ലഭിച്ചത് വെറും 25,000 രൂപ മാത്രമായിരുന്നു .
അടുത്തിടെ ‘സൂം’ ചാനലിന് നൽകിയ അഭിമുഖത്തിൽ, എന്തുകൊണ്ടാണ് തനിക്ക് സൽമാനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചതെന്ന് ഭാഗ്യശ്രീ വെളിപ്പെടുത്തി. ബോളിവുഡിലെ പ്രതിഫല വ്യത്യാസങ്ങളെക്കുറിച്ചും തനിക്ക് ലഭിച്ച ഉയർന്ന തുകയെക്കുറിച്ചും താരം മനസ്സ് തുറന്നു.
സിനിമ എന്നത് ഡിമാൻഡ് അനുസരിച്ചുള്ള ഒരു ലളിതമായ ബിസിനസ്സ് ആണെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ഒരു നടി എത്ര കഠിനാധ്വാനം ചെയ്താലും, കുറഞ്ഞ പ്രതിഫലത്തിന് പകരമായി മറ്റൊരാളെ കിട്ടുമെന്ന് നിർമ്മാതാവിന് തോന്നിയാൽ അവർ ആ തീരുമാനത്തിലേക്ക് പോകുമെന്നും അവർ പറഞ്ഞു. സ്ത്രീകൾ ഒത്തൊരുമിച്ച് നിന്ന് ഒരു നിശ്ചിത പ്രതിഫലം വേണമെന്ന് ആവശ്യപ്പെടാത്തടത്തോളം ഈ സാഹചര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിർമ്മാതാക്കൾ ലാഭനഷ്ടങ്ങൾ നോക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ബിസിനസ് തന്ത്രം മാത്രമാണ്. ചിലർ കുറഞ്ഞ പ്രതിഫലത്തിന് ജോലി ചെയ്യാൻ തയ്യാറാകുന്നത് വിപണിയെ ബാധിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ‘മേനെ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഭാഗ്യശ്രീ ഹിമാലയ് ദസ്സാനിയെ വിവാഹം കഴിച്ചത്. അതിനുശേഷം കുടുംബജീവിതത്തിന് മുൻഗണന നൽകിയ താരം സിനിമകളിൽ നിന്ന് ഇടവേള എടുത്തിരുന്നു.
ലക്ഷ്മികാന്ത് ബെർഡെ, മോനിഷ് ബെൽ, അലോക് നാഥ്, റീമ ലാഗു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘മേനെ പ്യാർ കിയ’ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാഗ്യശ്രീ ഇപ്പോൾ വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്. റിതേഷ് ദേശ്മുഖ് നായകനായ ‘രാജ ശിവാജി’ എന്ന ചിത്രത്തിൽ ജിജാഭായ് ഭോസ്ലെ എന്ന കഥാപാത്രത്തെയാണ് അവർ അവസാനമായി അവതരിപ്പിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.




