Sports

പിതാവിനെ അൽ-ഖ്വയ്ദ വെടിവെച്ചുകൊന്നു; പ്രതിസന്ധികളെ തോൽപ്പിച്ച് ഇറാഖിന്റെ ലോകകപ്പ് ഹീറോയായി അയ്മൻ ഹുസൈൻ

പിതാവിനെ അൽ ക്വയ്ദ ഭീകരർ വെടിവെച്ചു കൊന്നു, തട്ടിക്കൊണ്ടുപോയ സ്വന്തം സഹോദരനെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. ഒരു ഘട്ടത്തിൽ ഷിക്കാഗോ വിമാനത്താവളത്തിൽ യു.എസ്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും വിസ റദ്ദാകുമെന്ന അവസ്ഥയിൽ വരെ കാര്യങ്ങളെത്തുകയും ചെയ്തു. പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ഇറാഖിന്റെ മുന്നേറ്റനിര താരം അയ്മൻ ഹുസൈന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ.

എന്നാൽ കഴിഞ്ഞ ദിവസം നോർവേക്കെതിരെ നടന്ന മത്സരത്തോടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കാൻ അയ്മൻ ഹുസൈന് കഴിഞ്ഞു. ലോകകപ്പിന്റെ ചരിത്രത്തിൽ ഇറാഖ് നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണ് അയ്മൻ സ്വന്തമാക്കിയത്. ഇതിനുമുമ്പ് 1986-ൽ നടന്ന മെക്സിക്കോ ലോകകപ്പിൽ ബെൽജിയത്തിനെതിരെയായിരുന്നു ഇറാഖിന്റെ ആദ്യ ഗോൾ പിറന്നത്. അന്ന് രാജ്യത്തിന്റെ ഇതിഹാസ താരം അഹമ്മദ് റാധിയായിരുന്നു ആ ചരിത്ര ഗോൾ നേടിയത്.

1996-ൽ വടക്കൻ-മധ്യ ഇറാഖിലെ അൽ-ഹവിജ ജില്ലയിലുള്ള അൽ-സഫ്രയിൽ ഒരു സാധാരണ കുടുംബത്തിലാണ് ഹുസൈൻ ജനിച്ചത്. 2008-ൽ, ഹുസൈന് 12 വയസ്സുള്ളപ്പോൾ, ഇറാഖ് സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ പിതാവിനെ അൽ-ഖ്വൊയ്ദ ഭീകരർ വെടിവെച്ചു കൊന്നു. പുതിയ വീടിന്റെ നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോയ പിതാവ് കൊല്ലപ്പെട്ടെന്ന വാർത്ത ആശുപത്രിയിൽ നിന്നുള്ള ഫോൺ കോളിലൂടെയാണ് ആ കുടുംബം അറിയുന്നത്.

ആ ആഘാതത്തിൽ നിന്നും അവർ മുക്തരാകുന്നതിന് മുൻപ്, ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരനെ ആരോ തട്ടിക്കൊണ്ടുപോയി, അവൻ ഇപ്പോഴും കാണാമറയത്താണ്. ഈ പ്രതിസന്ധികൾക്കിടയിൽ കുടുംബത്തെ നോക്കാൻ വേണ്ടി ഫുട്ബോൾ കളി ഉപേക്ഷിക്കാൻ ഹുസൈൻ തീരുമാനിച്ചെങ്കിലും, അമ്മ അതിന് സമ്മതിച്ചില്ല. കളി തുടരാൻ അമ്മ നൽകിയ പ്രോത്സാഹനമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. തന്റെ സ്വപ്നം നെഞ്ചിലേറ്റി 2013-ൽ ദോഹൂക് ക്ലബ്ബിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്.

ബുധനാഴ്ച നടന്ന മത്സരത്തിൽ നോർവേയ്‌ക്കെതിരെ ഇറാഖ് 4-1 ന് പരാജയപ്പെട്ടെങ്കിലും, തന്റെ രാജ്യത്തിന്റെ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഗോൾ നേടിക്കൊണ്ട് ഹുസൈൻ ചരിത്രം കുറിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഹുസൈന്റെ ഭാഗത്തുനിന്ന് ഒരു സെൽഫ് ഗോൾ സംഭവിച്ചെങ്കിലും, ഇറാഖ് കോച്ച് ഗ്രഹാം ആർനോൾഡ് അദ്ദേഹത്തിന്റെ പ്രകടനത്തെ പോസിറ്റീവായാണ് വിലയിരുത്തിയത്. ഹുസൈന്റെ കഠിനാധ്വാനത്തെയും കളിയെയുമാണ് താൻ ഓർക്കാൻ ആഗ്രഹിക്കുന്നതെന്നും, ഈ സീസണിൽ ഒരുപാട് പരിക്കുകൾ ഉണ്ടായിട്ടും 90 മിനിറ്റ് പൂർണ്ണമായി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും കോച്ച് പറഞ്ഞു.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ ഏർലിംഗ് ഹാലൻഡിലൂടെ നോർവേ 1-0 ന് മുന്നിലെത്തിയിരുന്നു. എന്നാൽ ഒൻപത് മിനിറ്റുകൾക്ക് ശേഷം ജിലറ്റ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ഇറാഖ് ആരാധകരെ ആവേശത്തിലാഴ്ത്തി ഹുസൈൻ ഗോൾ മടക്കി. അമീർ അലമ്മാരി നൽകിയ ക്രോസ് നോർവേ പ്രതിരോധനിരയെ മറികടന്ന് വന്നപ്പോൾ ഹുസൈൻ മനോഹരമായ ഒരു ഹെഡറിലൂടെ അത് ഗോൾവലയിലാക്കുകയായിരുന്നു. 40 വർഷങ്ങൾക്ക് ശേഷം ഇറാഖ് പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണിത്.

മത്സരത്തിന് ശേഷം നോർവേ കളിക്കാർക്ക് കൈകൊടുക്കുമ്പോൾ ഹുസൈൻ നിരാശനായിരുന്നുവെങ്കിലും, കരുത്തരായ എതിരാളികൾക്കെതിരെ അദ്ദേഹം നൽകിയ പോരാട്ടവീര്യത്തിൽ സഹതാരങ്ങൾ അഭിമാനം പ്രകടിപ്പിച്ചു. ഇതൊരു അഭിമാന നിമിഷമാണെന്നും എന്നാൽ മത്സരഫലം അനുകൂലമല്ലാത്തതിനാൽ പൂർണ്ണമായി ആഘോഷിക്കാൻ കഴിയുന്നില്ലെന്നും അടുത്ത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഡിഫൻഡർ ഹുസൈൻ അലി പറഞ്ഞു. കസ്റ്റംസിലുണ്ടായ ബുദ്ധിമുട്ടുകൾ മാറ്റിനിർത്തിയാൽ, ടൂർണമെന്റിലെ ഇതുവരെയുള്ള അനുഭവങ്ങൾ മികച്ചതാണെന്ന് കോച്ച് ആർനോൾഡ് വ്യക്തമാക്കി. ഇത് രാഷ്ട്രീയമല്ല, ഫുട്ബോൾ ആണെന്നും തങ്ങൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലാഡൽഫിയയിൽ ഫ്രാൻസിനെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിന് മുൻപ് ടീം വരുത്തിയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്നും കോച്ച് പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *