Celebrity Featured

15-ാം വയസില്‍ ചെറിയൊരു മുഴ വന്നു’, സ്തനാര്‍ബുദം ഇപ്പോള്‍ തേര്‍ഡ് സ്റ്റേജില്‍; രോഗവിവരം വെളിപ്പെടുത്തി രേണു

തനിക്ക് കാൻസർ രോഗമാണെന്ന വിവരം തുറന്നുപറഞ്ഞ് രേണു സുധി. നിലവിൽ സ്തനാർബുദം മൂന്നാം ഘട്ടത്തിലാണെന്നും ഇനി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്യേണ്ടതുണ്ടെന്നും രേണു സുധി വ്യക്തമാക്കി. ഇത് അടുത്തിടെ ഉണ്ടായ ഒരു രോഗമല്ലെന്നും തന്റെ പതിനഞ്ചാം വയസ്സിൽ മാറിടത്തിൽ ചെറിയൊരു മുഴയായിട്ടാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടതെന്നും രേണു വെളിപ്പെടുത്തി. അന്ന് ഡോക്ടർ നിർദേശിച്ചതുപോലെ തുടക്കത്തിൽ തന്നെ ആ മുഴ നീക്കം ചെയ്തിരുന്നെങ്കിൽ തനിക്ക് ഇന്ന് ഈയൊരു അവസ്ഥ വരില്ലായിരുന്നു എന്നും രേണു സുധി കൂട്ടിച്ചേർത്തു.

‘മെയിൻസ്ട്രീം വൺ’ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണു ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുറച്ചുകാലമായി മനസ്സിൽ സൂക്ഷിച്ച കാര്യമാണിതെന്നും ഇപ്പോഴാണ് ഇത് പറയാൻ പറ്റിയ സമയമെന്ന് തോന്നിയതെന്നും രേണു പറയുന്നു. ഒരു സൂചി കാണുന്നത് പോലും പേടിയുള്ള ആളാണ് താനെന്നും, എന്നാൽ സ്വന്തം മനക്കരുത്ത് ഒന്നുമാത്രമാണ് ഇപ്പോഴും തന്നെ മുന്നോട്ട് നയിക്കുന്നതെന്നും രേണു വ്യക്തമാക്കി. താൻ ആശുപത്രിയിൽ പെറ്റ് സ്കാനിനായി പോയതറിഞ്ഞ് ചില യൂട്യൂബർമാരാണ് ഈ രോഗവിവരം ആദ്യം പുറത്തുവിട്ടതെന്നും, എന്നാൽ അവരുടെ പേരുകളൊന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും രേണു പറഞ്ഞു.

രേണുവിന്റെ വാക്കുകൾ ഇങ്ങനെയാണ്: ‘കുറേ നാളുകളായി ചില കാര്യങ്ങൾ പറയണമെന്ന് വിചാരിക്കുന്നു, അതിപ്പോൾ പറയാൻ സമയമായി എന്ന് തോന്നുന്നു. എനിക്ക് കാൻസറാണ്. പലരും വിചാരിക്കുന്നത് ദുബായിൽ വെച്ചാണ് ഇത് കണ്ടെത്തിയതെന്നാണ്, എന്നാൽ അതല്ല സത്യം. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് മാറിടത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെടുന്നത്. ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. മുഴയുടെ മുകളിൽ നിറവ്യത്യാസം കണ്ടിട്ടും അന്ന് ഞാൻ അത് ഗൗരവമായി എടുത്തില്ല. പിന്നീട് ഡിപ്ലോമയ്ക്ക് പഠിക്കുന്ന സമയത്താണ് വീട്ടുകാർ ഈ വിവരം അറിയുന്നതും എന്നെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതും. അന്ന് ബയോപ്സി ചെയ്ത ശേഷം, ഇപ്പോൾ കുഴപ്പമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസറാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു’.

‘ആ സമയത്ത് എനിക്ക് അപ്പെൻഡിസൈറ്റിസ് ഓപ്പറേഷൻ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ആ വേദനയുടെ പേടി കാരണം ടൗൺ മാറ്റണം അഥവാ മുഴ എടുത്തു കളയണം എന്ന കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. കാൻസറാണെന്ന് അറിഞ്ഞിട്ടും റീൽസിലും മറ്റും ഞാൻ ചിരിച്ചുനിൽക്കുന്നത് എന്റെ മനസ്സിന്റെ കരുത്തുകൊണ്ടാണ്. സുധിച്ചേട്ടന്റെ മരണശേഷമാണ് മാറിടത്തിൽ വീണ്ടും ചെറിയ വ്യത്യാസം കണ്ടത്. വേദനയില്ലാത്ത മുഴയായതുകൊണ്ട് ഞാൻ അത്ര കാര്യമാക്കിയില്ല. പിന്നീട് സ്കാനിംഗിലും മാമോഗ്രാമിലും സംശയം തോന്നിയ ഡോക്ടർ എന്നെ വിളിപ്പിച്ചു. ബയോപ്സി റിസൾട്ട് വാങ്ങാൻ ഞാൻ ഒറ്റയ്ക്കാണ് പോയത്’.

‘അവിടെ വെച്ചാണ് ഡോക്ടർ എന്നോട് കാൻസറാണെന്ന് പറയുന്നത്. ആദ്യം വീട്ടുകാരോട് പറയാൻ മടിച്ചെങ്കിലും പിന്നീട് അവരെ അറിയിച്ചു. തുടർന്ന് പെറ്റ് സ്കാൻ ചെയ്യാൻ പോയപ്പോഴാണ് ഏതോ യൂട്യൂബർമാർ ഈ വിവരം അറിയുന്നത്. പിന്നീട് മെഡിക്കൽ കോളേജിലെ കൂടുതൽ പരിശോധനകൾക്ക് ശേഷമാണ് രോഗം പൂർണ്ണമായും സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപാണ് ഫലം വന്നത്. ഡോക്ടർമാർ പറയുന്നതനുസരിച്ച് ഞാൻ ഇപ്പോൾ ബ്രസ്റ്റ് കാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ്. 15 വർഷം മുൻപ് ഡോക്ടർ പറഞ്ഞപ്പോൾ തന്നെ ആ മുഴ കളഞ്ഞിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു’.

‘സ്തനത്തിൽ നിന്നും രോഗം ഇപ്പോൾ കക്ഷത്തിലേക്കും ഹൃദയത്തിന്റെ മസിൽ ഭാഗങ്ങളിലേക്കും ശ്വാസകോശത്തിലേക്കും ചെറുതായി പടർന്നിട്ടുണ്ട്. ഉടൻ തന്നെ കീമോതെറാപ്പി തുടങ്ങണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. എനിക്ക് ചെറിയൊരു കുഞ്ഞാണുള്ളത്. ഈ രോഗവിവരം അറിഞ്ഞിട്ടും എന്നെ വെറുക്കുന്നവരുണ്ട്, അവരോട് എനിക്ക് ഒന്നും പറയാനില്ല. എങ്കിലും എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. കീമോ ചെയ്യുമ്പോൾ മുടി കൊഴിയുമെന്നും നല്ല വേദനയുണ്ടാകുമെന്നും കേട്ടിട്ടുണ്ട്. മോൻ റിഥപ്പനോട് എനിക്ക് ചെറിയൊരു അസുഖമാണെന്നാണ് പറഞ്ഞിരിക്കുന്നത്, അത് വേഗം മാറുമെന്ന് അവൻ എന്നോട് പറയുകയും ചെയ്തു’, രേണു സുധി പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *