Featured Oddly News

കക്കരി കൂടുതല്‍ പച്ചയാക്കാന്‍ ‘പെയിന്റടി’ ! കക്കരിക്കയ്ക്ക് നിറം നൽകുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു

ബീഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു സ്ത്രീ കുക്കമ്പറിന് (കക്കിരി) പച്ചനിറം പൂശുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ചും ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും വലിയ ആശങ്കയാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്.

വൈറലായ വീഡിയോയിൽ, ചായം നിറച്ച പാത്രങ്ങൾക്ക് സമീപം ഇരിക്കുന്ന ഒരു സ്ത്രീ, പച്ച നിറത്തിലുള്ള പെയിൻ്റോ ദ്രാവകമോ ഉള്ള പാത്രത്തില്‍ കുക്കമ്പര്‍ മുക്കിയെടുത്ത് പുറത്തുവയ്ക്കുന്നത് കാണാം. മറ്റൊരു സ്ത്രീ കുക്കമ്പര്‍ കഴുകി നൽകുന്നുമുണ്ട്. ചായം പൂശിയ കുക്കമ്പറുകളും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം വീഡിയോയിൽ വളരെ വ്യക്തമാണ്.

ഈ ദ്രാവകം എന്താണെന്നോ ഇതിന്റെ ആധികാരികതയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദരിദ്രരെന്ന പരിഗണന നൽകി ഇത്തരം നിയമലംഘനങ്ങളെ ന്യായീകരിക്കരുതെന്നും, പൊതുജനാരോഗ്യം വെച്ച് കളിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും പലരും അഭിപ്രായപ്പെടുന്നു.

മറ്റുചിലരാകട്ടെ, ഇത് ഭക്ഷണത്തിൽ ഉപയോഗിക്കാൻ അനുമതിയുള്ള നിറമാണോ എന്ന് പരിശോധിക്കാതെ നിഗമനങ്ങളിൽ എത്തുന്നത് ശരിയല്ലെന്നും വാദിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ അങ്ങേയറ്റം അപകടകരമാണെന്നും റെയിൽവേ അധികൃതർ ഉടൻ അന്വേഷണം നടത്തണമെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം. ഈ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *