Featured Sports

ഐപിഎല്ലിൽ ‘ഹണി ട്രാപ്പ്’ ഭീതി; മുറികളില്‍ സന്ദര്‍ശകര്‍ വേണ്ട; കളിക്കാർക്ക് കർശന മുന്നറിയിപ്പുമായി BCCI

2026 ഐ.പി.എൽ സീസൺ പുരോഗമിക്കവെ, കളിക്കാർക്കും ഒപ്പമുള്ള ജീവനക്കാർക്കും കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ബി.സി.സി.ഐ രംഗത്തെത്തിയിരിക്കുകയാണ്. കളിക്കാർ ഹണി-ട്രാപ്പുകളിൽ (Honey-traps) കുടുങ്ങുന്നത് തടയാനും ലൈംഗിക അതിക്രമ ആരോപണങ്ങൾ പോലുള്ള ഗുരുതരമായ സാഹചര്യങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ഏഴു പേജുള്ള മാർഗനിർദ്ദേശങ്ങളാണ് ബി.സി.സി.ഐ പുറത്തിറക്കിയത്.

ടൂർണമെന്റിന്റെ പ്രശസ്തി മുതലെടുത്ത് കളിക്കാരെ ബ്ലാക്ക് മെയിൽ ചെയ്യാനോ നിയമക്കുരുക്കുകളിൽ പെടുത്താനോ ഉള്ള സാധ്യതകൾ മുൻനിർത്തിയാണ് ഈ നടപടി. പുതിയ നിയമങ്ങൾ പ്രകാരം ഹോട്ടലുകളിൽ കളിക്കാരുടെയും ജീവനക്കാരുടെയും മുറികളിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത് പൂർണ്ണമായും നിരോധിച്ചു. അതിഥികളെ കാണണമെന്നുണ്ടെങ്കിൽ ഹോട്ടൽ ലോബിയിലോ റിസപ്ഷനിലോ വെച്ച് മാത്രമേ അനുവാദമുള്ളൂ.

ടീം മാനേജരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ആർക്കും കളിക്കാരുടെ മുറിയിൽ പ്രവേശിക്കാനാവില്ല. കൂടാതെ, കളിക്കാരോ സ്റ്റാഫോ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഹോട്ടലിന് പുറത്തുപോകുന്നുണ്ടെങ്കിൽ ടീമിലെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. ഓരോരുത്തരുടെയും യാത്രകൾ കൃത്യമായി രേഖപ്പെടുത്താൻ ലോഗ് ബുക്കുകളും നിർബന്ധമാക്കി.

ടീം ഉടമകൾക്കും മാനേജ്‌മെന്റിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരസമയത്ത് ഡഗ് ഔട്ടിലോ ഡ്രസ്സിംഗ് റൂമിലോ ഉടമകൾ പ്രവേശിക്കാൻ പാടില്ല. സ്റ്റേഡിയങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും അക്രഡിറ്റേഷൻ കാർഡുകൾ നിർബന്ധമായും ധരിക്കണം. ഈ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബി.സി.സി.ഐ ഏതുസമയത്തും മിന്നൽ പരിശോധനകൾ നടത്തും.

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വലിയ തുക പിഴയും സസ്‌പെൻഷനും ഉൾപ്പെടെയുള്ള കർശന നടപടികളുണ്ടാകും. ലഹരിമരുന്ന് ഉപയോഗമോ ലൈംഗിക അതിക്രമ ആരോപണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ കേസ് നേരിട്ട് പോലീസിന് കൈമാറുമെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഐ.പി.എൽ ടീമുകളുടെ സുരക്ഷയും അച്ചടക്കവും ഉറപ്പുവരുത്താനാണ് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയുടെ നേതൃത്വത്തിൽ ഈ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *