റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും പച്ചയണിയുന്നു! ശനിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന ഹോം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി തങ്ങളുടെ പ്രശസ്തമായ ‘ഗ്രീൻ ജേഴ്സി’ ധരിച്ചാണ് കളത്തിലിറങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള ടീമിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പുനരുപയോഗം ചെയ്ത വസ്തുക്കൾ കൊണ്ടാണ് ഈ ജേഴ്സികൾ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏക കാർബൺ ന്യൂട്രൽ ടി20 ഫ്രാഞ്ചൈസി എന്ന ഖ്യാതിയും ആർ.സി.ബിക്കുണ്ട്.
2011 മുതൽ ആരംഭിച്ച ഈ പച്ച ജേഴ്സി പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു സ്പോർട്സ് സംസ്കാരം വളർത്തിയെടുക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആരാധകരുടെ യാത്രാ രീതികൾ നിരീക്ഷിക്കുകയും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. മത്സരത്തിനെത്തുന്നവർക്ക് മെട്രോ ട്രെയിനുകളിൽ സൗജന്യ യാത്ര ഉറപ്പാക്കാൻ ടിക്കറ്റുകൾ സഹായിക്കും.
സ്റ്റേഡിയത്തിലെ മാലിന്യ സംസ്കരണം, സൗരോർജ്ജത്തിന്റെ ഉപയോഗം എന്നിവ വഴി കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ടീം ശ്രദ്ധിക്കുന്നു. പരിസ്ഥിതി സൗഹൃദപരമായ ഈ രീതികൾ വഴി ഭാവിയിൽ ഒരു ‘കാർബൺ പോസിറ്റീവ്’ ടീമാകാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ രാജേഷ് മേനോൻ പറഞ്ഞു. ഈ മാതൃക പിന്തുടരാൻ ആരാധകരെയും മറ്റ് പങ്കാളികളെയും ടീം ഇതിലൂടെ പ്രേരിപ്പിക്കുന്നു.




