തലശേരി: വിവാദമായ പാലത്തായി പോക്സോ കേസില്‍ ബി.ജെ.പി നേതാവ് കടവത്തൂര്‍ സ്വദേശി കെ.പത്മരാജന് കുറ്റക്കാരനെന്നു കോടതി. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണു കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ ഇന്നു പ്രഖ്യാപിക്കും.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണു പാലത്തായി പീഡനക്കേസ്. സ്കൂളിലെ ശുചിമുറിയില്‍ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ്ലൈനിനാണ് ആദ്യം ലഭിച്ചത്.
കുട്ടിയുടെ ഉമ്മ നല്കിയ പരാതിയില്‍ പാനൂര്‍ പോലീസ് 2020 മാര്‍ച്ച് 17 ന് കേസെടുത്തു. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15 ന് പ്രതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24 ന് സംസ്ഥാന പോലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ടി. മധുസൂദനന് നായര്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കി. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക് സെല്‍ എ.എസ്.പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്നു പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കോസ്റ്റല്‍ എ.ഡി.ജി.പി: ഇ.ജെ. ജയരാജന്, ഡിവൈ.എസ്.പി: ടി.കെ. രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലിസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മേയില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു.




