Crime

ആദ്യഭാര്യയുടെ അസ്വാഭാവിക മരണം, പിന്നാലെ ക്ഷേത്രത്തില്‍ നിന്നും പുറത്തായി; ശ്രീരാംപുരയിൽ പോറ്റി ‘ശാന്തൻ’

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനെന്ന് ബെംഗളുരുവിലെ ശ്രീരാംപുര നിവാസികള്‍. പോറ്റിയുടെ തട്ടിപ്പും ഇടപാടുകളും ഇന്നാട്ടുകാര്‍ക്ക് നന്നായറിയാം. വൻകിട പലിശ ഇടപാടുകൾ‌ നടത്തുമ്പോള്‍ തന്നെയും പരിചയക്കാരിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു പോറ്റിക്ക്. ഇരുപത് വര്‍ഷത്തിലേറെയായി ശ്രീരാംപുരയില്‍ താമസിക്കുന്ന പോറ്റി പൊതുവെ ശാന്തനായാണ് പെരുമാറുന്നത്.

ഇത്തരം ഇടപാടുകള്‍ ഉണ്ടെന്നറിയാമെങ്കിലും ശബരിമലയില്‍ കയറി തട്ടിപ്പു നടത്തിയെന്നത് ശ്രീരാംപുരക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് നേരത്തേ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കോത്താരി മാൻഷൻ അപ്പാർട്മെന്‍റിലെ ഫ്ലാറ്റിലേക്ക് 2004ൽ പോറ്റി മാറിയത്. തുടർന്നായിരുന്നു രണ്ടാം വിവാഹം കഴിച്ചത്. ആദ്യഭാര്യയുടെ മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി. പിന്നീട് ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമി എന്ന മേൽവിലാസത്തിലാണു ഇവിടേയ്ക്കുള്ള രണ്ടാം വരവ്.

രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈ സ്മാർട് ക്രിയേഷൻസിലായിരുന്നു. 2019 മാർച്ചിൽ ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശി സമർപ്പിച്ച ശേഷമായിരുന്നു ഇത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ 576 ഗ്രാം സ്വർണം അന്വേഷണസംഘം പിടിച്ചെടുത്തു. എന്നാല്‍ നഷ്ടപ്പെട്ട സ്വർണം ഇതിലുമേറെയാണ്.

ഇതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്‌ലാറ്റിലെ സ്വർണവും പരിശോധിക്കും. 176 ഗ്രാമിന്റെ 9 ആഭരണങ്ങളാണ് ഫ്‌ലാറ്റിൽനിന്ന് കണ്ടെടുത്തത്. പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.