Crime

വിവാഹവേദിയില്‍ മദ്യപിച്ചെത്തിയ വരന്‍ വധുവിനെയടക്കം നാലുപേരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു

വിവാഹവേദിയില്‍ സല്‍ക്കാരത്തിനിടയില്‍ മദ്യപിച്ചെത്തിയ വരന്‍ വധുവിനെയടക്കം കൂട്ടക്കുരുതി നടത്തി ആത്മഹത്യ ചെയ്തു. വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ നാം ഖിയോ ജില്ലയില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ നാലു പേര്‍ക്കാണ് വെടിയേറ്റത്. മദ്യലഹരിയിലായിരുന്ന പാരാ അത്‌ലറ്റും മുന്‍ സൈനികനുമായ 29 കാരന്‍ ചതുറോംഗ് സുക്‌നെക്കാണ് പ്രതി. ഭാര്യയും മറ്റ് മൂന്ന് പേരും വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. പ്രാദേശികസമയം രാത്രി 11.25 ന് ആണ് സംഭവം.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് 44 കാരിയായ കാഞ്ചന പച്ചുന്തുക്യുമായി ശനിയാഴ്ച രാവിലെ ഇരുവരുടേയും വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ആഘോഷത്തിനിടെ സുക്സുക്ക് അമിതമായി മദ്യപിച്ച് കാറില്‍ പോയിരുന്നു. പിസ്റ്റളുമായിട്ടാണ് മടങ്ങിയെത്തിയത്. വധുവിനെയും അവളുടെ 62 കാരിയായ അമ്മയെയും 38 കാരിയായ സഹോദരിയെയും മറ്റൊരു അതിഥിയെയും അയാള്‍ വെടിവച്ചു കൊന്നു. അതിഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം സുക്സുക് സ്വയം വെടിയുതിര്‍ത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു.

വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് 11 വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് സുക്സുക് തോക്ക് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് അക്രമത്തിന് പോയതെന്ന് വ്യക്തമല്ല. എന്നാല്‍ വിവാഹത്തില്‍ അയാള്‍ അസ്വസ്ഥനായിരുന്നു എന്നാണ് വിവാഹത്തിലെ അതിഥികളെ ഉദ്ധരിച്ച് ബാങ്കോക്ക് പോസ്റ്റ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. പാര്‍ട്ടിക്കിടെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും വിവരമുണ്ട്.

താനും കാഞ്ചനയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് സുക്സുകിന് അസ്വസ്ഥത തോന്നിയിരുന്നു എന്നും വാദമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന ആസിയാന്‍ പാരാ ഗെയിംസില്‍ നീന്തലില്‍ വെള്ളി മെഡല്‍ നേടിയ സൈനികനാണ് സുക്സുക്. അടുത്ത മാസം തായ്ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് എബിലിറ്റി സ്പോര്‍ട്സ് ഗെയിംസില്‍ മത്സരിക്കുന്ന അത്ലറ്റുകളുടെ പട്ടികയിലും അദ്ദേഹമുണ്ടാകുമെന്ന് ഉറപ്പായിരുന്നു.