Featured Lifestyle

‘ഇഷ്ടപ്പെട്ടാല്‍ ഇനി കഷ്ടപ്പെടും ; ‘പ്രണയവിവാഹം പാടില്ല’, പ്രമേയം പാസാക്കി ഇന്ത്യന്‍ ഗ്രാമം

കുടുംബങ്ങളുടേയും വീട്ടുകാരുടേയും പൂര്‍ണ സമ്മതത്തോടുകൂടി തന്നെയാണ് പല പ്രണയവിവാഹങ്ങളും ഇന്നു നടക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ആളുകള്‍ക്ക് വ്യക്തമായ ധാരണ വന്ന് തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തിലും പ്രണയത്തെയും പ്രണയവിവാഹത്തെയും എതിര്‍ക്കുന്നവരും നിരവധിയുണ്ട്. എന്നാല്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കിയിരിക്കുകയാണ് പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഒരു ഗ്രാമം.

ചണ്ഡീഗഢില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് എതിര്‍പ്പുകളൊന്നും ഇല്ലാതെ ഇത്തരമൊരു പ്രമേയം പാസായത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ജൂലായ് 31നാണ് പഞ്ചാബ് മൊഹാലി ജില്ലയിലെ മനക്പൂര്‍ ഗ്രാമത്തിലെ നാട്ടുകൂട്ടം ഐക്യകണ്ഠേന ഒരു നിയമമുണ്ടാക്കിയത്. ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ഒരുമിച്ച് വിവാഹം കഴിക്കാനും ജീവിക്കാനും അവകാശം നല്‍കുന്നുവെന്നിരിക്കെ ഗ്രാമത്തിന്റെ തീരുമാനം ദേശീയശ്രദ്ധ നേടുകയാണ്.

അടുത്ത കാലത്ത് ഗ്രാമത്തില്‍‌ 26 വയസുള്ള ഒരു യുവാവ് 24 വയസുള്ള തന്റെ സഹോദരീപുത്രിയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമം പുതിയ നിയമം കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം വീട്ടുകാരുടെയോ ബന്ധുക്കളുടെയോ അനുവാദമില്ലാതെ വിവാഹം കഴിക്കുന്നവരെ ഗ്രാമപരിധിക്കുള്ളില്‍ താമസിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ വിവാഹം കഴിച്ചവര്‍ക്ക് ഗ്രാമത്തില്‍ താമസിക്കാന്‍ ആരെങ്കിലും സൗകര്യമൊരുക്കിയാല്‍ അവരും ശിക്ഷാനടപടി നേരിടണം.

ഗ്രാമത്തിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കിയത് എന്നാണ് ഗ്രാമത്തലവന്റെ വിശദീകരണം. ‘ഞങ്ങള്‍ പ്രണയവിവാഹത്തിനോ നിയമത്തിനോ എതിരല്ല, പക്ഷേ ഞങ്ങളുടെ ഗ്രാമത്തില്‍ അത് അനുവദിക്കില്ല. ഇതൊരു ശിക്ഷയല്ല, മറിച്ച് ഞങ്ങളുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണ്,’ ഗ്രാമത്തിലെ സര്‍പഞ്ച് ദല്‍വീര്‍ സിംഗ് പറഞ്ഞു.

ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കളും താമസക്കാരും വിഷയത്തില്‍ സര്‍പഞ്ചിനെ പിന്താങ്ങുന്നുണ്ട്. ‘ഈ തീരുമാനത്തില്‍ ഞങ്ങള്‍ സര്‍പഞ്ചിനൊപ്പമാണ്, ഇതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് മാത്രമാണ് അധികാരം. ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകേണ്ട ഒരു പാരമ്പര്യവും സല്‍പ്പേരുമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ലോകം ആധുനികമാണെങ്കിലും, നമ്മുടെ ബന്ധങ്ങളും സംസ്‌കാരവും ഗ്രാമങ്ങളും സംരക്ഷിക്കേണ്ടതുണ്ട്,’ ഒരു ഗ്രാമവാസി പറഞ്ഞു.