Oddly News

കൂടുതൽ ചോറ് ചോദിച്ച് വിദ്യാർത്ഥികള്‍, അല്‍പ്പം കറിയും; മുട്ടുകുത്തി നിൽക്കാൻ ശിക്ഷ കൊടുത്ത് പ്രിൻസിപ്പൽ, ക്രൂരത- വീഡിയോ

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലുള്ള ഒരു സർക്കാർ ബി.സി ഗുരുകുൽ സ്കൂളിൽ, അധികം ചോറും കറിയും ചോദിച്ചതിന് വിദ്യാർത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.

സ്കൂളിൽ നൽകിയ ഭക്ഷണം തികയാത്തതിനെ തുടർന്ന് കൂടുതൽ ഭക്ഷണം ആവശ്യപ്പെട്ട കുട്ടികളെ പ്രിൻസിപ്പാൾ രാത്രി എട്ടു മണി മുതൽ ഒൻപത് മണി വരെ മുട്ടുകുത്തിച്ചു നിർത്തിയതായാണ് പരാതി. ഹോസ്റ്റലിനുള്ളിൽ വെച്ച് രാത്രി വൈകി അധ്യാപകർ കുട്ടികളെ ശാസിക്കുന്നതും കുട്ടികൾ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിൽ കാണാം.

“ഭക്ഷണം കഴിച്ചവർക്ക് അത് പറഞ്ഞ് പോകാം, സുഹൃത്തുക്കളെ സംരക്ഷിക്കാൻ നോക്കിയാൽ എല്ലാവർക്കും ശിക്ഷ കിട്ടും” എന്ന് പ്രിൻസിപ്പാൾ കുട്ടികളോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ കുട്ടികൾക്ക് ഭക്ഷണം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ വീഡിയോ വൈറലായതോടെ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.

കുട്ടികളോട് ഇത്തരത്തിൽ പെരുമാറുന്ന പ്രിൻസിപ്പാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും ഇത്തരം ക്രൂരതകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തേക്കാൾ വലിയത് മനുഷ്യത്വമാണെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.