മഞ്ചേരി: പതിനൊന്നു വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പിതാവിനു മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ നാല്‍പതുകാരനെയാണു ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
2022ലും 2023ലുമായി മൂന്നു തവണ കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പ്രതി അതിജീവിത കാണ്‍കെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയുണ്ട്. അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം. അബ്ബാസലി പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതി പിഴയടച്ചാല്‍ തുക അതിജീവിതയ്ക്കു നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് അതിജീവിതയ്ക്കു നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു നിര്‍ദ്ദേശം നല്‍കി. പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു.
പ്രതി നിലവില്‍ മറ്റൊരു ബലാത്സംഗക്കേസില്‍ തടവ് അനുഭവിക്കുന്ന ആളാണ്. 2022 ഫെബ്രുവരിയില്‍ അരീക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലാണ് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചുവരുന്നത്. അയല്‍വാസിയായ ഭിന്നശേഷി യുവതിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായി റിമാന്‍ഡ് ചെയîപ്പെട്ട പ്രതി പിന്നീട് ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി പുറത്തിറങ്ങിയാണു മകളെ ബലാത്സംഗം ചെയ്തത്. പിതാവെന്ന നിലയില്‍ 11 വയസുകാരിയോടു കാണിച്ചതു ക്ഷമിക്കാനാകാത്ത ക്രൂരതയാണെന്നു കോടതി വ്യക്തമാക്കി.




