ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ മുതിർന്ന ഉപദേശകരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന സ്ഥിരീകരണം ലഭിച്ചതോടെയാണ് ഇറാനെതിരായ ഇസ്രായേൽ-യുഎസ് വ്യോമ-നാവിക ആക്രമണത്തിന് തുടക്കമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഖമേനി ഒളിവിൽ പോകാനുള്ള സാധ്യത ഒഴിവാക്കാനും ആക്രമണത്തിലെ സർപ്രൈസ് നിലനിർത്താനുമാണ് അദ്ദേഹത്തെ ആദ്യം തന്നെ ലക്ഷ്യമിട്ടതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ യോഗം ചേരാനായിരുന്നു ഖമേനി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ യോഗം നടക്കുന്നുണ്ടെന്ന വിവരം ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതോടെ ആക്രമണം നേരത്തെയാക്കുകയായിരുന്നു.
ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ ടെഹ്‌റാനിലെ ഖമേനിയുടെ അതീവ സുരക്ഷാ സമുച്ചയം തകർക്കപ്പെട്ടു. ഉപഗ്രഹ ചിത്രങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാന്റെ 46 വർഷത്തെ ഷിയാ-തിയോക്രാറ്റിക് ഭരണത്തിൽ വലിയൊരു മാറ്റത്തിന് വഴിതെളിഞ്ഞു. യുഎസ്-ഇസ്രായേൽ ആക്രമണം ആരംഭിച്ച ഉടൻ തന്നെ ഇസ്രായേൽ, ഖത്തർ, ബഹ്‌റൈൻ, യുഎഇ, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, വാഷിംഗ്ടണിൽ അർദ്ധരാത്രി പിന്നിട്ട സമയത്താണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്.
ഖമേനിയുടെ വധത്തിന് പ്രതികാരമായി അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സൈനിക നീക്കം നടത്തുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രതിജ്ഞയെടുത്തു. ഖമേനിക്കൊപ്പം മുൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും ഐആർജിസി കമാൻഡർ മുഹമ്മദ് പക്പൂറും കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ യോഗത്തിലുണ്ടായിരുന്ന അലി ലാരിജാനി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഖമേനിയുടെ മരണവാർത്ത ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ഞായറാഴ്ച പുലർച്ചെ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
“ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാൾ മരിച്ചു” എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. 1989 മുതൽ പാശ്ചാത്യ സ്വാധീനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു ഖമേനി. അദ്ദേഹത്തിന്റെ മരണം ഒരു പരാജയമായല്ല, മറിച്ച് രാജ്യത്തിന്റെ പരമാധികാരത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വമായാണ് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. കഴിഞ്ഞ മാസം പണപ്പെരുപ്പത്തിനെതിരെ ഇറാനിൽ നടന്ന ജനകീയ പ്രതിഷേധങ്ങളെ സർക്കാർ ക്രൂരമായി അടിച്ചമർത്തുകയും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.




