Sports

ഹാളണ്ടിനെ ഡ്രസിങ് റൂമിലെത്തി കെട്ടിപ്പിടിച്ച് നോർവേ രാജകുമാരി, ‘വൈക്കിങ് റോ’ നയിച്ച് സൂപ്പർ താരം– വീഡിയോ

ന്യൂയോർക്ക്∙ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ബ്രസീലിനെ തകർപ്പൻ ജയത്തോടെ മറികടന്ന നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ടീം ക്യാംപിൽ രാജകീയ വരവേൽപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ ബ്രസീലിനെ തോൽപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഹാളണ്ട് നേടിയ നിർണായക ഗോളുകളാണ് നോർവേയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരശേഷം നോർവേ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയ നോർവീജിയൻ രാജകുമാരി ഇൻഗ്രിഡ് അലക്സാണ്ട്ര ഹാളണ്ടിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. നോർവേ രാജകുമാരൻ സ്വെരെ മാഗ്നസും രാജകുമാരിക്കൊപ്പം ടീമിനെ കാണാൻ എത്തിയിരുന്നു.

ഗ്രൂപ്പ് ഘട്ടം മുതൽ നോർവേ ടീമിന് പിന്തുണയുമായി രാജകുടുംബാംഗങ്ങൾ അമേരിക്കയിലുണ്ട്. നോർവേ കിരീടാവകാശി ഹാകോൻ അവസാന നിമിഷം യുഎസ് യാത്ര ഒഴിവാക്കിയതിനെ തുടർന്നാണ് രാജകുമാരി കളി കാണാൻ എത്തിയത്. ക്വാർട്ടർ ഫൈനലിൽ കടന്ന നോർവേയ്ക്ക് ഇംഗ്ലണ്ടാണ് ഇനി എതിരാളികൾ. ലോകകപ്പിലെ നോർവേയുടെ മത്സരങ്ങൾ പൂർത്തിയായ ശേഷമേ രാജകുടുംബാംഗങ്ങൾ നാട്ടിലേക്ക് മടങ്ങുകയുള്ളൂ.

ബ്രസീലിനെതിരായ വിജയത്തിന് ശേഷം ഗ്രൗണ്ടിൽ നടന്ന നോർവേയുടെ ‘വൈക്കിങ് റോ’ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയതും ഹാളണ്ടായിരുന്നു. ടീമിന്റെ ആഘോഷം നയിക്കാൻ നോർവേ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡാണ് ഹാളണ്ടിനെ ക്ഷണിച്ചത്. കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഗാലറിയിൽ നിന്ന് എപ്പോഴും പാട്ടുകൾ പാടി പ്രോത്സാഹിപ്പിക്കുന്ന നോർവേ ആരാധകരുടെ ‘വൈക്കിങ് റോ’ ഏറെ പ്രശസ്തമാണ്. വിജയങ്ങൾക്ക് ശേഷം താരങ്ങളും ആരാധകരും ഒന്നിച്ച് ‘വൈക്കിങ് റോ’ നടത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *