Crime

ഭാര്യയെ കാമുകിയുടെ വീട്ടിലെത്തിച്ച് വെടിവച്ചുകൊന്നു, പ്രണയിനിക്കൊപ്പം മുങ്ങി !

ഹരിയാനയിലെ ഗുരുഗ്രാമിൽ വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഭാര്യയെ കാമുകിയുടെ വീട്ടിലെത്തിച്ച് വെടിവച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കാമുകിയുമായുള്ള മൂന്നുവർഷം നീണ്ട പ്രണയബന്ധം തടസ്സമില്ലാതെ തുടരാൻ വേണ്ടിയാണ് 25കാരനായ യുവാവ് കൃത്യമായ ആസൂത്രണത്തോടെ ഭാര്യയെ വകവരുത്തിയത്. മേയ് 22ന് യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാട്ടി മനേസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ക്രൂരമായ ഈ കൊലപാതക വിവരം പുറത്തറിയുന്നത്.

തന്റെ 22 വയസ്സുള്ള മകളും മനേസർ സ്വദേശിയായ അങ്കിതും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നുവെന്നും മേയ് 21 മുതൽ മകളെ കാണാനില്ലെന്നുമാണ് അമ്മ പരാതിയിൽ പറഞ്ഞത്. മകൾക്കായി കുടുംബം പരമാവധി തിരച്ചിൽ നടത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയതെന്നും അമ്മ വ്യക്തമാക്കി. മകളെ കാണാതായതിന് പിന്നിൽ ഭർത്താവിനും മാതാപിതാക്കൾക്കും പങ്കുണ്ടെന്ന അമ്മയുടെ സംശയത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. തുടർന്ന് നടത്തിയ തിരച്ചിലിൽ മേയ് 22ന് മനേസറിലെ ഒരു വാടകക്കെട്ടിടത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയും വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ഭർത്താവ് അങ്കിതിനെയും ജാജർ സ്വദേശിയായ 38കാരി രജ്നി ദേവിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മനേസറിൽ കട നടത്തുന്ന അങ്കിതും അടുത്തുള്ള ബ്യൂട്ടി പാർലറിലെ ജീവനക്കാരിയായ രജ്നിയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഉത്തർപ്രദേശിൽ നിന്നാണ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം ഹരിദ്വാറിലേക്കും പിന്നീട് നേപ്പാളിലേക്കും കടന്ന ഇരുവരും ജൂൺ 30 വരെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഒടുവിൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഇവരെ മനേസർ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *