Sports

ആർ.സി.ബി ഉടമ പ്രതമാം ബിർളയുടെ സഹോദരി; അനന്യ ബിർള വാർത്തകളിൽ നിറയുന്നത് എന്തുകൊണ്ട് ?

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പുതിയ ചെയർമാനായി ആര്യമൻ വിക്രം ബിർള ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ സഹോദരി അനന്യ ബിർള വീണ്ടും വാർത്തകളിൽ നിറയുന്നത്. പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ മകളായ അനന്യ, ആർസിബിയുടെ ഉടമസ്ഥാവകാശത്തിലോ മാനേജ്‌മെന്റിലോ നേരിട്ട് പങ്കാളിയല്ലെങ്കിലും ബിർള കുടുംബത്തിന് കായികരംഗത്തുള്ള സ്വാധീനം വർധിച്ചതോടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. മുംബൈയിൽ ജനിച്ച അനന്യ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

വെറുമൊരു ശതകോടീശ്വരന്റെ മകൾ എന്നതിലുപരി സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭക കൂടിയാണ് അവർ. വെറും 17-ാം വയസ്സിൽ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് ചെറിയ വായ്പകൾ നൽകുന്ന ‘സ്വതന്ത്ര മൈക്രോഫിൻ’ എന്ന സ്ഥാപനം തുടങ്ങി അവർ തന്റെ ബിസിനസ് യാത്ര ആരംഭിച്ചു. കൂടാതെ ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഫാഷൻ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ബോർഡ് അംഗം കൂടിയാണവർ. ബിസിനസ്സിന് പുറമെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു പോപ്പ് ഗായികയും മാനസികാരോഗ്യ അവബോധത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയുമാണ് അനന്യ.

നിലവിൽ സോഷ്യൽ മീഡിയയിൽ അനന്യ ട്രെൻഡിംഗ് ആകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഐപിഎൽ 2026-ന്റെ പ്രചരണ പരിപാടിക്കിടെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലുമായി അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗിൽ തന്റെ ഒപ്പിട്ട ജേഴ്സി അനന്യയ്ക്ക് സമ്മാനിക്കുന്ന വീഡിയോ വൈറലായതോടെ ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചയായി. ആർസിബിയുമായുള്ള കുടുംബബന്ധവും സ്പോർട്സ് മേഖലയിലെ സജീവ സാന്നിധ്യവും അനന്യയെ ഇപ്പോൾ വാർത്തകളിലെ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുകയാണ്.