Celebrity

ആ ചുംബനരംഗം! എനിക്കൊപ്പമുള്ള നടി വിറയ്ക്കുകയായിരുന്നു; ‘LGTV സീനി’നെ കുറിച്ച് അന്‍യാ സിങ്

നെറ്റ്ഫ്‌ളിക്‌സില്‍ സൂപ്പര്‍ ഹിറ്റായി സ്ട്രീമിങ് തുടരുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആദ്യമായി സംവിധാനം ചെയ്ത വെബ്‌സീരീസായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിവിധ കോണുകളില്‍ നിന്ന് പോസിറ്റീവ് റിവ്യൂകളാണ് സീരീസിന് ലഭിക്കുന്നത്. ഹിന്ദി ചലച്ചിത്രലോകത്തെ കുറിച്ചുള്ള മെറ്റാ-സറ്റെയര്‍ സീരീസായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് നിര്‍മിച്ചിരിക്കുന്നത് ആര്യന്റെ മാതാവ് ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സാണ്.

സീരീസില്‍ ബോളിവുഡിലെ ടാലന്റ് മാനേജരുടെ വേഷത്തിലാണ് നടി അന്‍യാ സിങ് എത്തുന്നത്. സീരീസ് ഹിറ്റായതിന് പിന്നാലെ അന്‍യയുടെ കഥാപാത്രവും വലിയ പ്രശംസയാണ് നേടുന്നത്. ഇപ്പോഴിതാ സീരീസിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അന്‍യാ സിങ്. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം.

‘എല്ലായിടത്തുനിന്നും നല്ലത് കേള്‍ക്കുന്നു, വളരെ പോസിറ്റീവാണ്. ആളുകള്‍ ‘എല്‍ജിടിവി സീന്‍’ എന്നുവിളിക്കുന്ന ആ സീനിനെ കുറിച്ച് എനിക്ക് ധാരാളം സംശയങ്ങളുണ്ടായിരുന്നു. അതിലെ നര്‍മം പ്രേക്ഷകര്‍ ആസ്വദിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ വളരെ സന്തോഷവതിയാണ്.’ -അന്‍യാ സിങ് പറഞ്ഞു. സീരീസിലെ രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന രംഗത്തെ കുറിച്ചാണ് അന്‍യ പറഞ്ഞത്. രാഘവ് ജുയാല്‍ അവതരിപ്പിച്ച കഥാപാത്രം എല്‍ജിബിടിക്യു എന്നത് തെറ്റായി ‘എല്‍ജിടിവി’ എന്ന് പറയുന്നതിനാലാണ് ആളുകള്‍ ഇതിനെ ‘എല്‍ജിടിവി സീന്‍’ എന്നുവിളിക്കുന്നത്. നര്‍മം കലര്‍ത്തിയാണ് ചിത്രീകരിച്ചതെങ്കിലും സ്വവര്‍ഗാനുരാഗത്തെ മനോഹരമായാണ് സീരീസില്‍ ചിത്രീകരിച്ചത് എന്നാണ് പൊതുവേയുള്ള പ്രേക്ഷകാഭിപ്രായം. ഈ ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് താന്‍ വളരെ പരിഭ്രാന്തയായിരുന്നുവെന്നും അന്‍യ പറയുന്നു.

‘എനിക്ക് വളരെയേറെ പരിഭ്രാന്തി തോന്നിയിരുന്നു. ഈ രംഗം ചെയ്യില്ല എന്ന നിലപാട് ഞാനെടുക്കില്ല. ഞാന്‍ ആര്യനോട് പലതവണ ചോദിച്ചു, നമുക്ക് ഈ രംഗം അത്യാവശ്യമാണോ എന്ന്. ഏതുതരത്തിലുള്ള ‘ഇന്റിമേറ്റ്’ രംഗവും അഭിനേതാക്കളെ ഞെരുക്കുന്നതാണ്. ഓരോതവണ നിങ്ങളത് ചെയ്യുമ്പോഴും നിങ്ങള്‍ പരിഭ്രാന്തരാകും. നിങ്ങള്‍ക്കൊപ്പം ആ രംഗത്തില്‍ അഭിനയിക്കുന്നയാളും അതുപോലെ പരിഭ്രാന്തരാകും.’ -അന്‍യ പറഞ്ഞു. ‘ചുംബനരംഗത്തില്‍ എനിക്കൊപ്പമുണ്ടായിരുന്നത് ഒരു ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്നു. അവള്‍ നഅഭിനേത്രിയായിരുന്നില്ല. ഇത്തരമൊരു രംഗത്തില്‍ അവള്‍ ഇതിന് മുമ്പ് അഭിനയിച്ചിട്ടില്ലായിരുന്നു. എനിക്ക് വളരെ ഉത്കണ്ഠയുണ്ടായിരുന്നു. എന്നാല്‍ അവളെ കണ്ടതിന് ശേഷം ഞാന്‍ അവളെ സമാശ്വസിപ്പിച്ചു. അവള്‍ വിറയ്ക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ എന്റെ ഉത്കണ്ഠ പമ്പ കടന്നിരുന്നു.’ -അന്‍യാ സിങ് പറഞ്ഞു