തായ്ലൻഡിൽ നിന്നുള്ള രസകരമായ ഒരു വന്യജീവി ദൃശ്യം ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു ഭീമൻ കാട്ടാന സാധാരണക്കാരനായ ഒരു ഉപഭോക്താവിനെപ്പോലെ റോഡരികിലെ പലചരക്ക് കടയിലേക്ക് കയറിച്ചെന്ന് സ്നാക്സുകൾ അകത്താക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു വിരുന്നുകാരന്റെ പരിഭ്രമമൊന്നുമില്ലാതെ, വളരെ കൂളായിട്ടായിരുന്നു ആനയുടെ ഈ ഷോപ്പിംഗ്.
കടയുടെ തുറന്നുകിടന്ന മുൻവാതിലിലൂടെ അകത്തുകയറിയ ആന, ഷെൽഫിലിരുന്ന സാധനങ്ങൾ തുമ്പിക്കൈ ഉപയോഗിച്ച് ഓരോന്നായി പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. അരിയുണ്ടകൾ, വാഴപ്പഴം, സാൻഡ്‌വിച്ച്, മറ്റ് പായ്ക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ആന അവിടെയിരുന്ന് തന്നെ കഴിച്ചു. വയറു നിറഞ്ഞതോടെ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ കടയിൽ നിന്നും പുറത്തിറങ്ങി പതുക്കെ മടങ്ങുകയും ചെയ്തു. കാര്യമായ നാശനഷ്ടങ്ങളോ ആക്രമണമോ ഒന്നും ആനയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം.
സമീപത്തെ നാഷണൽ പാർക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ സ്ഥിരമായി കാണാറുള്ള ‘പ്ലായ് ബിയാങ് ലെക്’ എന്ന ആനയാണിതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. ഇടയ്ക്കിടെ ഭക്ഷണം തേടി ഈ ആന ജനവാസ മേഖലകളിൽ എത്താറുണ്ട്. ആന കഴിച്ച ഭക്ഷണത്തിന് ഏകദേശം 2000 രൂപയോളം രൂപയുടെ നഷ്ടമാണ് കടയുടമയ്ക്ക് ഉണ്ടായത്. ഒരു വന്യജീവി സംരക്ഷണ സംഘടന ഈ തുക കടയുടമയ്ക്ക് നൽകി സഹായിച്ചു. വനമേഖല കുറയുന്നതും എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്നതുമാണ് കാട്ടാനകൾ ഇത്തരത്തിൽ നാട്ടിലിറങ്ങാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വലിയ തമാശകൾക്കും ചർച്ചകൾക്കും വഴിയൊരുക്കി. ഇൻഷുറൻസ് കമ്പനിയോട് ഈ കാര്യങ്ങൾ എങ്ങനെ വിശദീകരിക്കും എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ പങ്കുവെച്ചത്. “കടയ്ക്കുള്ളിലെ ആന” (Elephant in the room) എന്ന പ്രയോഗം വെച്ചുള്ള തമാശകളും കമന്റ് ബോക്സിൽ നിറയുകയാണ്. ആനയ്ക്ക് സ്വന്തമായി ഷോപ്പിംഗ് ലിസ്റ്റ് ഒന്നുമില്ലെങ്കിലും എവിടെ നല്ല ഭക്ഷണം കിട്ടുമെന്ന് കൃത്യമായി അറിയാമെന്നാണ് നാട്ടുകാർ തമാശയായി പറയുന്നത്.




