എറണാകുളത്ത് ആറുദിവസം പ്രായമുള്ള നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത. ആണ്‍സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കടുങ്ങല്ലൂര്‍ മുപ്പത്തടം ഭാഗത്തുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നിന് അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ കളമശേരി പോലീസ് ഇന്‍സ്‌പെക്‌ടര്‍ ദിലീഷ്. ടിയുടെ നേതൃത്വത്തില്‍ എസ്.ഐ രഞ്‌ജിത്ത്, സിപിഒമാരായ വിനു, അനീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ആ കൈമാറ്റത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീടായ ആലുവയില്‍ താമസിക്കുമ്പോഴാണ് ജോണ്‍ തോമസുമായി അടുപ്പത്തിലായത്. രണ്ടാം പ്രതിയായ ജോണ്‍ തോമസ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ഇയാളിൽ നിന്നും ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്നടക്കം മറച്ചുവെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ യുവതി അന്ന് തന്നെ പ്രസവിച്ചു. മാനിഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്.
വിദഗ്‌ധ ചികിത്സ നല്‍കിയശേഷം കുഞ്ഞിനേയും അമ്മയെയും കളമശേരി പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി. കളമശേരി കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതി ജോണ്‍ തോമസിനെ റിമാന്‍ഡ് ചെയ്‌തു കാക്കനാട് ജയിലിലേക്കയച്ചു.




