ടി20 ലോകകപ്പ് ഫൈനലിനായി അഹമ്മദാബാദിലെത്തിയ ഇന്ത്യൻ ടീം, താമസസൗകര്യങ്ങളിലും ഡ്രസ്സിങ് റൂം ക്രമീകരണങ്ങളിലും നിർണ്ണായക മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമുഖ ക്രിക്കറ്റ് ജേർണലിസ്റ്റ് വിമൽ കുമാർ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ, ഭാഗ്യദോഷം ഒഴിവാക്കാനാണോ ഈ നീക്കമെന്ന ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്.
കഴിഞ്ഞ തവണ ടീം താമസിച്ചിരുന്ന ഐടിസി നർമ്മദയ്ക്ക് പകരം ഇത്തവണ താജ് സ്‌കൈലൈനിലാണ് ഇന്ത്യ തങ്ങുന്നത്. 2023-ൽ ഓസ്‌ട്രേലിയയോട് ഫൈനലിൽ തോറ്റപ്പോൾ ടീം ഐടിസി നർമ്മദയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ മാറ്റം കേവലം വിശ്വാസങ്ങളുടെ പുറത്തല്ലെന്നും ഐസിസി പ്രോട്ടോക്കോൾ പ്രകാരമാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഫൈനലിലേക്ക് ആദ്യം യോഗ്യത നേടിയ ന്യൂസിലൻഡിന് ഐടിസി നർമ്മദയും രണ്ടാമതെത്തിയ ഇന്ത്യക്ക് താജ് സ്‌കൈലൈനും അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
താമസത്തിന് പുറമെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിങ് റൂമിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. സാധാരണയായി ഉപയോഗിക്കാറുള്ള ഹോം ടീം ഡ്രസ്സിങ് റൂമിന് പകരം സന്ദർശക ടീമിനുള്ള റൂമാകും ഇന്ത്യ ഇത്തവണ ഉപയോഗിക്കുക. അഹമ്മദാബാദ് സ്റ്റേഡിയം സമീപകാലത്ത് ഇന്ത്യക്ക് അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.
2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ കടുത്ത പരാജയത്തെത്തുടർന്ന് അഹമ്മദാബാദ് സ്റ്റേഡിയം ഇന്ത്യക്ക് അശുഭകരമാണെന്ന ആരാധകരുടെ ആശങ്കകൾക്കിടയിലാണ് ഈ മാറ്റം എന്നതാണ് ശ്രദ്ധേയമായ കാര്യം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സമീപകാലത്ത് അത്ര രാശിയുള്ള ഇടമല്ല. തുടർ ജയങ്ങളുമായെത്തി 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ ദയനീയമായി തോറ്റത് ഇവിടെയായിരുന്നു. ഇത്തവണത്തെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോട് സൂപ്പർ എട്ട് മത്സരം തോറ്റതും ഇതേ ഗ്രൗണ്ടിലാണ്. 2023-ലെ ടൂർണമെന്റിൽ ഇന്ത്യയുടെ ഏക തോൽവിയായിരുന്നു ഇവിടെ നേരിട്ടത്. ഇത്തവണ ഇതുവരെ ഇന്ത്യ തോറ്റ ഏക മത്സരവും മോദി സ്‌റ്റേഡിയത്തിലേതു തന്നെ.
ടീം മാനേജ്‌മെന്റ് മാനസികമായ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ആത്മീയമായ കാര്യങ്ങളിലും ശ്രദ്ധ നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ക്ഷേത്ര സന്ദർശനങ്ങളും ചന്ദ്രഗ്രഹണ ദിവസം പരിശീലനം വൈകിപ്പിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. മുൻകാല തോൽവികളിൽ നിന്നുള്ള നിഷേധാത്മക ചിന്തകൾ ഒഴിവാക്കാനും ഡ്രസ്സിങ് റൂമുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഭാഗ്യക്കേടുകൾ ഉണ്ടെങ്കിൽ അത് മറികടക്കാനുമാണ് ഈ പുതിയ ക്രമീകരണങ്ങളിലൂടെ ടീം ലക്ഷ്യമിടുന്നത്.




