ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന ഐപിഎൽ 2026 മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓപ്പണർ മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 32 പന്തിൽ നിന്ന് 40 റൺസാണ് മാർഷ് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ഇതിൽ ഒരു സിക്സർ സ്റ്റേഡിയത്തിന് പുറത്തേക്കാണ് പോയത്.
ലഖ്‌നൗ ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ കൂറ്റൻ സിക്സർ പിറന്നത്. വെറ്ററൻ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ എറിഞ്ഞ ഷോർട്ട് ബോൾ മാർഷ് പവർഫുൾ പുൾ ഷോട്ടിലൂടെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തുകയായിരുന്നു. സ്റ്റേഡിയത്തിന്റെ മേൽക്കൂരയും കടന്ന് 102 മീറ്റർ ദൂരത്തിലാണ് ആ പന്ത് ചെന്ന് വീണത്.
മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജേക്കബ് ഡഫിക്ക് പകരം ജോഷ് ഹേസൽവുഡ് ആർസിബി ടീമിലെത്തിയപ്പോൾ വിരാട് കോലി ഇംപാക്ട് പ്ലെയറായാണ് കളിക്കുന്നത്. ലഖ്‌നൗ ടീമിൽ മാറ്റങ്ങളൊന്നുമില്ല. മികച്ച ബാറ്റിംഗ് പിച്ചായതിനാൽ ആദ്യം ബൗൾ ചെയ്ത് ലഖ്‌നൗവിനെ സമ്മർദ്ദത്തിലാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ പറഞ്ഞു. അതേസമയം, ആരാണ് ആദ്യം ബാറ്റ് ചെയ്യുന്നത് എന്നതിലല്ല, മികച്ച ക്രിക്കറ്റ് കളിക്കുന്നതിലാണ് കാര്യമെന്നും ടീമിലെ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുമെന്നും ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ടോസ് വേളയിൽ വ്യക്തമാക്കി.




