മധുവിധുവിനിടെ ഭര്‍ത്താവ് ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തതായി മേഘാലയ പോലീസ്. രണ്ടാഴ്ചയോളമായി കാണാതായ യുവതി, മധ്യപ്രദേശില്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ നിയോഗിച്ചതായി പോലീസ് കൂട്ടിച്ചേര്‍ത്തു. മേഘാലയയില്‍ ഇന്‍ഡോര്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഐ നോന്‍ഗ്രാങ് പറഞ്ഞു.
ഭാര്യ സോനം ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പോലീസില്‍ കീഴടങ്ങി, രാത്രിയില്‍ നടത്തിയ റെയ്ഡില്‍ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി നോങ്രാംഗ് പറഞ്ഞു. ഭാര്യ കൊലയാളികളെ വാടകയ്ക്കെടുത്തിരുന്നതായും പറഞ്ഞു. മറ്റു പ്രതികളില്‍ ഒരാളെ യുപിയില്‍ നിന്നും മറ്റൊരാളെ ഇന്‍ഡോറില്‍ നിന്നുമാണ് പിടികൂടിയത്.
രഘുവംശിയെ കൊല്ലാന്‍ ഭാര്യയാണ് ഏല്‍പ്പിച്ചതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ചിലരെ പിടികൂടാനുള്ള ഓപ്പറേഷന് മധ്യപ്രദേശില്‍ ഇപ്പോഴും തുടരുകയാണെന്ന് അവര്‍ പറഞ്ഞു. ചിറാപുഞ്ചിക്ക് സമീപം ഒരു തോട്ടിലാണ് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു.
മെയ് 23 നാണ് വടക്കുകിഴക്കന്‍ സംസ്ഥാനത്ത് മധുവിധുവിനായി എത്തിയ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും കാണാതായത്. ജൂണ്‍ 2 ന് രാജയുടെ മൃതദേഹം ചിറാപുഞ്ചിക്ക് സമീപമുള്ള സൊഹ്റാരിമിലെ തോട്ടില്‍ നിന്ന് കണ്ടെത്തി, സോനത്തെ കാണാതായി. ഇന്‍ഡോറില്‍ നിന്നും ഹണിമൂണിന് വന്ന രാജയും സോനവും മേഘാലയയിലെ സോഹ്റ ഏരിയയില്‍ കാണാതായ ദിവസം മൂന്ന് പുരുഷന്മാരോടൊപ്പം ഉണ്ടായിരുന്നതായുള്ള ഒരു ടൂറിസ്റ്റ് ഗൈഡിന്റെ വെളിപ്പെടുത്തലാണ് നിര്‍ണ്ണായകമായത്.
മെയ് 23 ന് ദമ്പതികള്‍ മൂന്ന് പുരുഷന്മാര്ക്കൊപ്പം രാവിലെ 10 മണിക്ക് നോണ്ഗ്രിയറ്റില് നിന്ന് മൗലാഖിയാറ്റിലേക്കുള്ള പടികള്‍ കയറുന്നത് കണ്ടതായി മൗലാഖിയാത്ത് ഗൈഡ് ആല്‍ബര്‍ട്ട് പിഡെ പറഞ്ഞു. കഴിഞ്ഞ ദിവസം അവരെ നോണ്ഗ്രിയറ്റിലേക്ക് നയിക്കാന്‍ അദ്ദേഹം വാഗ്ദാനം ചെയ്തതിനാല്‍ അദ്ദേഹം ദമ്പതികളെ തിരിച്ചറിഞ്ഞു. പക്ഷേ അവര്‍ മാന്യമായി നിരസിക്കുകയും മറ്റൊരു ഗൈഡിനെ നിയമിക്കുകയും ചെയ്തു. സ്ത്രീ പുറകിലും നാലു പുരുഷന്മാര് മുന്നിലുമായിട്ടാണ് നടന്നിരുന്നത്. നാലു പുരുഷന്മാരും ഹിന്ദിയില്‍ എന്തൊക്കെയേ സംസാരിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇംഗ്ളീഷും ഖാസിയും മാത്രമേ അറിയാവൂ എന്നതിനാല്‍ ഒന്നു മനസ്സിലായില്ലെന്നും ഗൈഡ് പറഞ്ഞു.




