Crime Featured

ഹണിട്രാപ് കേസ്: കോടതിയിൽ ട്വിസ്റ്റ്, കുഞ്ഞ് വ്യവസായിയുടേതെന്ന് റോഷ്നി, പരാതിക്കാരൻ ഭര്‍ത്താവ്, പ്രതിയുടെ വാദം അംഗീകരിച്ച് ജാമ്യം

തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസിൽ പോലീസിന് തിരിച്ചടി . വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് പിന്നിൽ വെറും കുടുംബ വഴക്കാണെന്നുമുള്ള പ്രതിഭാഗത്തിന്റെ നിർണ്ണായക വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പോലീസായിരുന്നു നേരത്തെ കേസെടുത്തിരുന്നത്.

വ്യവസായിയായ വിജയകുമാറുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട മുഖ്യപ്രതി റോഷ്നി (37), തനിക്കുണ്ടായ ആൺകുഞ്ഞ് ഈ വ്യവസായിയുടേതാണെന്ന് അവകാശപ്പെട്ടാണ് കോടികൾ തട്ടിയെടുത്തതെന്നായിരുന്നു കേസ്. ജർമൻ ഭാഷ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിലെ ഉടമയും ജീവനക്കാരിയുമാണ് വിജയകുമാറും റോഷ്നിയും എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. തെലങ്കാന സ്വദേശിയായ വിജയകുമാറിന് തിരുവനന്തപുരത്ത് സ്ഥാപനമുണ്ടെങ്കിലും ഇതിന്റെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്നത് കൊച്ചിയിലാണ്. റോഷ്‌നി കൊച്ചിയിലെ ഓഫിസിലെ ജീവനക്കാരിയായിരുന്നു.

2022 മുതൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, തന്റെ മകൻ വിജയകുമാറിന്റേത് തന്നെയാണെന്ന വാദത്തിൽ യുവതി ഉറച്ചുനിൽക്കുകയാണ്. ഈയൊരു വാദം പരിഗണിച്ചാണ് കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ട് വിവാഹങ്ങൾ കഴിഞ്ഞ് അത് വേർപെടുത്തിയ റോഷ്നി, ഇതിനിടെ മൂന്നാമതും ഒരു വിവാഹം കഴിച്ചിരുന്നു. ഈ മൂന്നാം ഭർത്താവിനെതിരെ തൃക്കാക്കര പൊലീസിൽ ഇവർ പീഡനപരാതി നൽകിയിട്ടുമുണ്ട്. ഇതിനു ശേഷമാണ് യുവതി വിജയകുമാറുമായി അടുപ്പത്തിലാകുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ പരാതിക്കാരനായ വ്യവസായിയുടെ അക്കൗണ്ടിൽ നിന്ന് യുവതിക്ക് വലിയ തോതിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ റോഷ്നിയുടെ ഭാഗത്തുനിന്നുള്ള ചൂഷണം പരിധി വിടുകയും, യുവ വ്യവസായിയുടെ ഭാര്യയെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തതോടെയാണ് ഒടുവിൽ വിവരം പൊലീസിൽ അറിയിക്കാൻ വ്യവസായി തയാറായത്. ഹണി ട്രാപ് തട്ടിപ്പിൽ കുടുങ്ങി നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ വഞ്ചിയൂർ പൊലീസിൽ പരാതി നൽകുന്നത്. കേസിൽ റോഷ്നിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. റോഷ്നിയുടെ സുഹൃത്തുക്കളും തട്ടിപ്പിലെ കൂട്ടാളികളുമായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവർക്കായി വഞ്ചിയൂർ പൊലീസ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *