‘ഗെറ്റ് റെഡി വിത്ത് മി (GRWM)’ എന്നത് ആധുനിക കാലത്ത് സാമൂഹ്യമാധ്യമങ്ങളിലെ ട്രെന്‍ഡ് ആണ്. പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമില്‍, വളരെ പ്രചാരത്തിലുണ്ട്. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ മാത്രമല്ല, സാധാരണ ഉപയോക്താക്കളും കാഴ്ചക്കാര്‍ക്കായി ഈ ട്രെന്‍ഡ് പിന്തുടരുന്നുണ്ട്. എന്നാല്‍ എന്നാല്‍ ഈ ട്രെന്‍ഡ് ഒരു വിവാഹം നിരസിക്കാന്‍ കാരണമാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.
യുവതിയുടെ പതിവായ ‘ഗെറ്റ് റെഡി വിത്ത് മി (ജിആര്‍ഡബ്‌ള്യൂഎം)’ എന്ന ഇന്‍സ്റ്റാഗ്രാം റീലുകള്‍ കാരണം ഡല്‍ഹിക്കാരിയായ യുവതിയുടെ വിവാഹാലോചന നിരസിച്ച് യുവാവ്. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും അത് വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.
വിവാഹാലോചന നിരസിച്ചതിന്റെ കാരണം ഒരു റെഡ്ഡിറ്റ് ഉപയോക്താവ് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതി സ്ഥിരമായി ‘റീല്‍സ്’ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നയാളാണെന്നും, അതില്‍ ചിലത് അതിരുവിട്ട ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണെന്നും അദ്ദേഹം പറയുന്നു.
”എനിക്ക് അടുത്തിടെ ഒരു വിവാഹാലോചന വന്നു. എല്ലാം ശരിയായി തോന്നി – അവള്‍ ഡല്‍ഹിയിലുള്ളയാളാണ്, കുടുംബം മാന്യമാണ്, സംഭാഷണങ്ങളും നന്നായി പോയി. പക്ഷേ ഒരു കാര്യം എന്നെ ശരിക്കും അലോസരപ്പെടുത്തി. അവള്‍ ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമാണ്, പ്രത്യേകിച്ചും ”ഗെറ്റ് റെഡി വിത്ത് മി” (GRWM) തരത്തിലുള്ള പോസ്റ്റുകള്‍. ഓരോ വസ്ത്രവും, ആഭരണവും, മേക്കപ്പ് ഘട്ടങ്ങളും എല്ലാം വിശദമായി കാണിക്കുന്ന പോസ്റ്റുകള്‍. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ സജീവമാകുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. പക്ഷേ എന്റെ ഭാവി പങ്കാളി ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുങ്ങുകയാണെന്ന ചിന്ത എന്നെ അലട്ടി.” യുവാവ് കുറിച്ചു.
”കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയിലാണ് അവളുടെ പോസ്റ്റുകള്‍ ഒരുക്കിയിട്ടുള്ളതെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു. ‘അവയുടെ താഴെയുള്ള കമന്റുകള്‍ നോക്കുമ്പോള്‍, അതില്‍ വലിയൊരു ഭാഗം പുരുഷന്മാരാണെന്ന് വ്യക്തമാണ്. അത് എന്നെ അസ്വസ്ഥനാക്കി. ഭാവിയില്‍ ഈ രീതിയിലുള്ള ബന്ധം എനിക്ക് സ്വീകാര്യമാകില്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ ആ വിവാഹാലോചന നിരസിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഞാന്‍ ആലോചിക്കുകയാണ് – ഞാന്‍ ചെയ്തത് തെറ്റാണോ? ഞാന്‍ കൂടുതല്‍ യാഥാസ്ഥിതികനാണോ, അതോ എനിക്ക് ചേര്‍ന്ന പങ്കാളി ഇങ്ങനെയല്ലെന്ന് തീരുമാനിച്ചത് ശരിയാണോ?” പോസ്റ്റില്‍ പറയുന്നു.
ഈ പോസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ ലഭിച്ചു. പല ഉപയോക്താക്കളും അവരുടെ അഭിപ്രായങ്ങള്‍ കമന്റ് സെക്ഷനില്‍ പങ്കുവെച്ചു. ‘നമുക്ക് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ലേ?’ എന്ന് ഒരാള്‍ ചോദിച്ചു. മറ്റൊരാള്‍ പറഞ്ഞു: ‘അവള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റുകളാണ് ഇടുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. കാരണം, ഇത് ശ്രദ്ധ നേടാന്‍ വേണ്ടി അതിരുകള്‍ ലംഘിക്കാന്‍ മറ്റേയാള്‍ തയ്യാറാണെന്ന് സൂചിപ്പിക്കുന്നു – അത് ഒരു ‘റെഡ് ഫ്‌ലാഗ്’ ആയി കണക്കാക്കാം. ഇതില്‍ ശരിയോ തെറ്റോ ഇല്ല, അത് നിങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യമാണ് എന്നതിനെ ആശ്രയിച്ചിരിക്കും. വിവാഹശേഷം റീലുകള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്താന്‍ നിങ്ങള്‍ അവളെ നിര്‍ബന്ധിച്ചാല്‍ അതും തെറ്റാണ്. കാരണം അപ്പോള്‍ നിങ്ങള്‍ ഒരു നിയന്ത്രണ സ്വഭാവക്കാരനാകും. അതുകൊണ്ട് സമാനമായ ചിന്താഗതിയുള്ള ഒരാളെ കണ്ടെത്തുന്നത് നല്ലതാണ്.’
സമൂഹമാധ്യമങ്ങളില്‍ വളരെ പ്രചാരത്തിലുള്ള ഒരു ഫോര്‍മാറ്റാണ് ജിആര്‍ഡബ്‌ള്യൂഎം. ഈ വീഡിയോകളില്‍, ആളുകള്‍ ഒരു ദിവസത്തേക്കോ, പരിപാടിക്കോ, അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തിനായോ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നു.




