തൃശ്ശൂർ പുതുക്കാട് ജിംനേഷ്യത്തിന് മുൻപിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായി. വ്യായാമം കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്താക്കര സ്വദേശി ടീനസ് ഡേവിസിനെ (37) കോട്ട സ്വദേശി സിറിൽ (36) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടീനസിനെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ടീനസ് ജിമ്മിൽ വരുമെന്ന് നേരത്തെ മനസ്സിലാക്കിയ സിറിൽ, ഹെൽമെറ്റ് ധരിച്ച് രണ്ട് മണിക്കൂറോളം അവിടെ കാത്തുനിന്നു. ടീനസ് പുറത്തിറങ്ങിയ ഉടനെ പിന്നിലൂടെ എത്തിയ സിറിൽ ചുറ്റിക കൊണ്ട് തലയുടെ പിന്നിൽ ശക്തമായി അടിക്കുകയായിരുന്നു. ആദ്യത്തെ അടിയിൽ തന്നെ ടീനസ് ബോധരഹിതനായി വീണെങ്കിലും സിറിൽ വീണ്ടും രണ്ടുതവണ കൂടി ഇയാളെ അടിച്ചു. ശേഷം സൈക്കിളിൽ രക്ഷപ്പെട്ട പ്രതി, ദൂരെ ബൈക്ക് വെച്ചിരുന്ന സ്ഥലത്തെത്തിയ ശേഷം അതിൽ കടന്നുകളയുകയായിരുന്നു.
ടീനസിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിറിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി ചാലക്കുടിയിൽ നിന്ന് ചുറ്റിക വാങ്ങുകയും പെട്രോൾ കരുതുകയും ചെയ്തിരുന്നു. കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ടീനസിന്റെ ഭാര്യയുമായി സിറിലിനുണ്ടായിരുന്ന സൗഹൃദമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ കാരണമെന്നും അവരോടൊപ്പം ജീവിക്കാനാണ് ഈ ആക്രമണം നടത്തിയതെന്നും പ്രതി മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത തൃശ്ശൂർ റൂറൽ പോലീസ് 25 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




