അമ്മായിയുമായി അവിഹിതബന്ധം ആരോപിച്ച് 24കാരനെ കടത്തിക്കൊണ്ടുപോയി തല്ലിച്ചതച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍. ബിഹാറിലെ സുപോള്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്. ജൂലൈ രണ്ടിനാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മിതലേഷ് കുമാര്‍ മുഖിയ എന്ന യുവാവിനെയാണ് നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ച് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിച്ചത്.
റിത ദേവിയുടെ ഭര്‍ത്താവ് ശിവചന്ദ്ര മുഖിയയും ചില ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മിതലേഷിനെ സ്വന്തം വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. ഭാര്യയ്ക്ക് മിതലേഷുമായി അവിഹിത ബന്ധമുണ്ടെന്നാണ് ശിവചന്ദ്ര ആരോപിക്കുന്നത്. തന്നെയും നാലു വയസ്സുള്ള മകനെയും മറന്ന് ഇങ്ങനെയൊരു ബന്ധം വച്ചുപുലര്‍ത്തിയ ഭാര്യയെ ഇനി വേണ്ട എന്നുപറഞ്ഞാണ് ശിവചന്ദ്രയുടെ നേതൃത്വത്തില്‍ ബന്ധുക്കളും നാട്ടുകാരും സംഘടിച്ചത്.
ശിവ്ചന്ദ്രയുടെ ഭാര്യ റീത്ത ദേവിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തന്റെ മകനെ സംഘം മർദ്ദിച്ചതായി മിഥലേഷിന്റെ പിതാവ് പരാതിയിൽ പറഞ്ഞു. ജീവ്ചാപൂർ നിവാസികളായ രാജകുമാർ, വികാസ് മുഖിയ, ശിവചന്ദ്ര മുഖിയ, സൂരജ് മുഖിയ, പ്രദീപ് താക്കൂർ, സുരേഷ് മുഖിയ, ഭീംപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ബെലഗഞ്ച് നിവാസികളായ രാഹുൽ കുമാർ, സജൻ സാഹ്നി എന്നിവർ തന്റെ മകനെ ആക്രമിച്ചതായി രാമചന്ദ്ര പറഞ്ഞു.
മിതലേഷിനെ വടികൊണ്ടും അല്ലാതെയും അതിക്രൂരമായി മര്‍ദിക്കുന്നത് വിഡിയോയില്‍ കാണാം. റിതയെ മിതലേഷിനടുത്ത് എത്തിച്ച് നിര്‍ബന്ധിച്ച് നെറ്റിയില്‍ സിന്ദൂരം തൊടാന്‍ പറയുകയാണ് ചിലര്‍. മിതലേഷ് റിതയ്ക്ക് സിന്ദൂരം ചാര്‍ത്തുന്നതോടെ വിവാഹം കഴിഞ്ഞതായി കൂടിനില്ക്കുന്നവര് പ്രഖ്യാപിച്ചു. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഭീംപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മിഥലേഷ് പാണ്ഡെ പറഞ്ഞു. മിഥലേഷിനെ ആദ്യം നർപത്ഗഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയായതിനാല്‍ പിന്നീട് അരാരിയ സദർ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും അദ്ദേഹം പറഞ്ഞു.




