Crime

‘ആ ചേട്ടന്‍ കഴുത്തില്‍ പിടിച്ച്‌ തള്ളി, അമ്മ എന്നെ കൈ വച്ച്‌ മാന്തി’; 12കാരനെ അമ്മയും ആണ്‍ സുഹൃത്തും മര്‍ദിച്ച സംഭവം, യുവതിക്കെതിരേ നടപടി വരും

കൊച്ചി: പന്ത്രണ്ടുകാരനെ അമ്മയും ആണ്‍ സുഹൃത്തും മര്‍ദിച്ച സംഭവത്തില്‍ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥയായ അമ്മയ്‌ക്കെതിരേ നടപടി വരും. റേഷനിങ്‌ ഇന്‍സ്‌പെക്‌ടറായ ഇവര്‍ ഒരു വര്‍ഷമായി അവധിയിലാണ്‌. ഒരു യുട്യൂബ്‌ ചാനലില്‍ അവതാരകയായിരുന്നു. അമ്മയുടെ മുറിയില്‍ നിന്ന്‌ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ആണ്‍സുഹൃത്ത്‌ തന്നെ മര്‍ദ്ദിച്ചതെന്ന്‌ കുട്ടി പറഞ്ഞു. ഇയാള്‍ സ്‌ഥിരമായി വീട്ടില്‍ താമസിക്കാന്‍ എത്താറുണ്ടെന്നും മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റെന്നും കുട്ടി പറഞ്ഞു.

കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയായ 37കാരിയും ഇവരുടെ സുഹൃത്ത്‌ തിരുവനന്തപുരം വാമനപുരം കല്ലറ സൗപര്‍ണിക വില്ലയില്‍ സിദ്ധാര്‍ഥ്‌ രാജീവു(24)മാണ്‌ എളമക്കര പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ സ്വകാര്യ യൂട്യൂബ്‌ ചാനലില്‍ വീഡിയോ എഡിറ്ററാണ്‌. പിന്നീട്‌ അവതാരകനുമായി.

കുട്ടിക്കു മര്‍ദനമേറ്റ കാര്യം ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണു പോലീസ്‌ കേസെടുത്തത്‌. അറസ്‌റ്റിലായത്‌ സിവില്‍ സപ്ലൈസ്‌ ജീവനക്കാരിയാണെന്നു വ്യക്‌തമായതോടെ അന്വേഷണ വിധേയമായി അവരെ സസ്‌പെന്‍ഡ്‌ ചെയ്യാനാണു തീരുമാനം. അതിനിടെ നടപടികളൊഴിവാക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്‌. സിവില്‍ സ്‌പ്ലൈസ്‌ ജീവനക്കാരിക്കെതിരേ കേസു വന്നത്‌ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന വാദത്തില്‍ രക്ഷിച്ചെടുക്കാനാണ്‌ നീക്കം.

മര്‍ദ്ദനമേറ്റ കുട്ടി കൊച്ചിയിലെ പ്രധാന സ്‌കൂളിലാണ്‌ പഠിക്കുന്നത്‌. ഇവിടെവച്ച്‌ ഇളയമ്മയെ കണ്ടു. അവരോടാണ്‌ കുട്ടി തനിക്കുണ്ടായ അനുഭവം പറയുന്നത്‌. അങ്ങനെയാണ്‌ അച്‌ഛന്‍ വിവരം അറിയിക്കുന്നത്‌. അച്‌ഛനെത്തി കുട്ടിയെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി. ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ്‌ പോലീസിനെ വിവരം അറിയിക്കുന്നത്‌.

കുട്ടി ഇപ്പോഴും അച്‌ഛന്റെ സംരക്ഷണയിലാണ്‌. കുടുംബ പ്രശ്‌നങ്ങളിലെ പ്രതികാരമാണ്‌ കേസെന്ന വാദമുയര്‍ത്താന്‍ അറസ്‌റ്റിലുള്ള പ്രതിയും നീക്കം തുടങ്ങിയിട്ടുണ്ട്‌. മര്‍ദ്ദനമേറ്റ കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ ഇല്ല. അതുകൊണ്ട്‌ തന്നെ അച്‌ഛനുമായി ബന്ധം സ്‌ഥാപിക്കാനായില്ല. ഈ സാഹചര്യത്തില്‍ ആരുമൊന്നും അറിയില്ലെന്നായിരുന്നു അമ്മ കരുതിയത്‌.

അഞ്ചുകൊല്ലം മുമ്പ്‌ ദമ്പതികള്‍ വിവാഹമോചനം നേടിയിരുന്നു. രണ്ടു കൊല്ലം മുമ്പ്‌ വരെ കുട്ടിയും അച്‌ഛനൊപ്പമായിരുന്നു. പിന്നീട്‌ അമ്മ കൂട്ടിക്കൊണ്ടു പോയി. അച്‌ഛന്‍ വേറെ വിവാഹം കഴിച്ചു. പരസ്‌പര സമ്മത പ്രകാരമുള്ള വിവാഹ മോചനത്തില്‍ കുട്ടിയുടെ സംരക്ഷണം പ്രത്യേകിച്ചാര്‍ക്കും കോടതി കൊടുത്തിരുന്നില്ല. എങ്കിലും രണ്ടു വര്‍ഷമായി അമ്മയോടൊപ്പമായിരുന്നു കുട്ടിയുടെ താമസം.

കുട്ടി പറഞ്ഞത്‌:

ആ ചേട്ടന്‍ ഇടയ്‌ക്കിടെ വീട്ടില്‍ താമസിക്കാന്‍ വരുമായിരുന്നു. കഴിഞ്ഞ രണ്ട്‌ മാസമായി സ്‌ഥിരമായി ഞങ്ങളുടെ കൂടെ താമസിക്കുകയാണ്‌. ആ ചേട്ടന്‌ അന്ന്‌ ദേഷ്യം വന്നപ്പോള്‍ കഴുത്തില്‍ പിടിച്ച്‌ ബാത്ത്‌റൂമിന്റെ സൈഡിലോട്ട്‌ ഇട്ടു. എന്റെ ഷോള്‍ഡര്‍ അവിടെപ്പോയി ഇടിച്ചു. കൈ പിടിച്ചു ഉടച്ചായിരുന്നു. ശേഷം അമ്മയെ വിളിച്ച്‌ അപ്പുറത്തെ മുറിയില്‍ പോയി. എനിക്ക്‌ അമ്മയോടൊപ്പം കിടക്കണമെന്ന്‌ ഞാന്‍ ആ ചേട്ടനോട്‌ പറഞ്ഞു.

അമ്മയെ കുറേ തവണ വിളിച്ചപ്പോള്‍, അമ്മയ്‌ക്കും ദേഷ്യം വന്ന്‌ എന്നെ കൈ വച്ച്‌ മാന്തി. ഞാന്‍ കരഞ്ഞ്‌ അപ്പുറത്തെ മുറിയില്‍ പോയി കുറച്ച്‌ നേരം കിടന്നു. ഇതിനും മുമ്പ്‌ എന്നെ ഉപദ്രവിച്ചിട്ടുണ്ട്‌. അമ്മ അയാളെ ഇതുവരെ പിടിച്ചുമാറ്റുകയൊന്നും ചെയ്‌തിട്ടില്ല.-കുട്ടി പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. എനിക്ക്‌ വാശിയാണെന്നും സമ്മതിച്ചു കൊടുക്കേണ്ടെന്നും പറഞ്ഞത്‌ അമ്മയുടെ അടുത്തു കിടന്ന ചേട്ടനാണെന്നും കുട്ടി പറഞ്ഞു.

ഭര്‍ത്താവുമായി 2021ല്‍ ബന്ധം വേര്‍പിരിഞ്ഞ യുവതിയും ഏഴാംക്ലാസ്‌ വിദ്യാര്‍ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്കു സമീപത്തെ ഫ്‌ളാറ്റിലാണു താമസം. ഒരുമാസമായി യുവതിയുടെ ഫ്‌ളാറ്റിലാണു സിദ്ധാര്‍ഥ്‌ താമസം. കുട്ടിയെ ഉപദ്രവിച്ച വിവരമറിഞ്ഞു കുട്ടിയുടെ പിതാവാണ്‌ ആശുപത്രിയിലെത്തിച്ചത്‌.
ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. ഇനി മകനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന്‌ അച്‌ഛന്‍ പ്രതികരിച്ചു. പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ്‌ അമ്മയെയും യുവാവിനെയും കലൂരില്‍ നിന്നു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ടും ബി.എന്‍.എസ്‌. ആക്‌ടും ചുമത്തി.