പീരുമേട്: നിരോധിത മയക്കുമരുന്നുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രവണ്‍താര (24) എന്നിവരെയാണ് വാഗമണ്ണില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് സംഘം പിടി കൂടിയത്. ഇവരില്‍ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നി ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു.
2.65 ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം കഞ്ചാവ്, 2.970 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍നിന്ന് 3.75 ലക്ഷം രൂപയും കണ്ടെടുത്തു.
വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് കച്ചവടം ചെയ്യാൻ എത്തിച്ചതാണ് എംഡിഎംഎ എന്നാണ് പ്രാഥമിക കണ്ടെത്തൽ. പീരുമേട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ശ്രാവൺതാരയുടെ ഭർത്താവ് ശ്രീമോനും ഫവാസും ചേർന്നാണ് രാസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പൊലീസ് പിടികൂടിയിരുന്നു.
തങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഇരുവരും വാഗമണ്ണിലേക്ക് കടന്നത്. സംസ്ഥാനത്ത് വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
ഡെപ്യുട്ടി എക്‌സൈസ് കമ്മിഷ്ണര്‍ പ്രിന്‍സ് ബാബു, അസി. എക്‌സൈസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പീരുമേട് എക്‌സൈസ് റേഞ്ച് സംഘമാണ് പ്രതികളെ പിടികൂടിയത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അമല്‍രാജ്, മിഥുന്‍ വിജയ്, സബ് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍, സി.ഇ.ഒമാരായ ബോണി ചാക്കോ, രാംകുമാര്‍, ജയരാജ്, കുഞ്ഞുമോന്‍, അന്‍സാര്‍, സത്യരാജ്, സിന്ധു എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.




