സോഷ്യൽ മീഡിയയിൽ വീണ്ടും ഒരു പേഴ്‌സണാലിറ്റി ടെസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ രൂപത്തിലാണ് ഈ ടെസ്റ്റ്. ആദ്യം കാണുന്നത് ഒരു സിംഹമോ മരമോ? എന്ന ലളിതമായ ചോദ്യമാണ് ഇതിലുള്ളത്. ടിക് ടോക്കിലും എക്സിലും വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം ആയിരക്കണക്കിന് കമന്റുകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
ഒരു ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ആദ്യ കാഴ്ച നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുമുള്ള സത്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഇതിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു.
ഒപ്റ്റിക്കൽ ഇല്യൂഷൻ: വെല്ലുവിളി
ദി ഒബ്സർവർ എന്ന എക്സ് ഉപയോക്താവാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “ഇത് യഥാർത്ഥമാണോ അതോ സിജിഐ ആണോ എന്ന് എനിക്ക് ഉറപ്പില്ല, കാരണം ഇതിന്റെ ലൊക്കേഷൻ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, പക്ഷേ ഇത് വളരെ രസകരമായി തോന്നുന്നു,” അദ്ദേഹം കുറിച്ചു.
എന്നിരുന്നാലും, ഈ ട്രെൻഡ് ആരംഭിച്ചത് ടികടോക് ക്രിയേറ്ററായ മിയാ യിലിൻ ആണ്. ഈ ചിത്രത്തിന് പിന്നിലെ ഓരോ വ്യാഖ്യാനവും അവർ വിശദീകരിച്ചു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ യിലിൻ, ദ ടാബ് അനുസരിച്ച് ഇതിനോടകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ഒരു വ്യക്തി ആദ്യം കാണുന്ന ചിത്രം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറയുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.
ആദ്യം കണ്ടത് മരമാണെങ്കിൽ അതിന്റെ അർത്ഥമെന്താണ്?
യിലിൻ പറയുന്നത് അനുസരിച്ച്, ആദ്യം മരത്തെ കണ്ടവർ പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ അകലം പാലിക്കുന്നവരോ ഉൾവലിയുന്നവരോ ആയി തോന്നിയേക്കാം. എന്നാൽ പിന്നീട് ഈ സ്വഭാവത്തിന് മാറ്റം വരും. ബന്ധങ്ങളുടെ കാര്യത്തിൽ, മരത്തെ ആദ്യം കണ്ടവർ മറ്റുള്ളവരെ പിന്തുടരുന്നത് ഒഴിവാക്കുന്നു, പകരം സാധ്യതയുള്ള പങ്കാളികൾ ആദ്യം സമീപിക്കുന്നതാണ് അവർക്ക് ഇഷ്ടം. എന്നിരുന്നാലും, ഒരു വ്യക്തിയെ അവർക്ക് ശരിക്കും ഇഷ്ടപ്പെട്ടാൽ, അവർ പൂർണ്ണഹൃദയത്തോടെ ആ ബന്ധം നിലനിർത്താൻ ശ്രമിക്കുകയും പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ പരിഗണിക്കാതെ ആ ബന്ധത്തിനായി പോരാടുകയും ചെയ്യും. ഇത്തരം ആളുകൾ സ്വകാര്യത ഇഷ്ടപ്പെടുന്നവരാണെന്നും ഇത് അവരുടെ ആകർഷണീയത വർദ്ധിപ്പിക്കുമെന്നും യിലിൻ പറഞ്ഞു.
ആദ്യം കണ്ടത് സിംഹത്തെയാണെങ്കിൽ
സിംഹത്തെയാണ് ആദ്യം കണ്ടതെങ്കിൽ അവർ പൊതുവെ പുറത്തേക്ക് ഇറങ്ങാനും സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കാനും താൽപ്പര്യമുള്ളവരും ശാന്തരുമായിരിക്കും. അവർ അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കുകയും സമാധാനം നിലനിർത്താൻ വേണ്ടി മറ്റുള്ളവരെ അവരുടെ വഴിക്കു പോകാൻ അനുവദിക്കുകയും ചെയ്യും. സിംഹത്തെ ആദ്യം കണ്ടവർ വളരെ വിശ്വസിക്കാൻ കൊള്ളുന്നവരും മറ്റുള്ളവരുമായി നല്ല ബന്ധം പുലർത്തുന്നവരുമായിരിക്കുമെന്നും യിലിൻ വിശദീകരിച്ചു.
പലരും സിംഹത്തെ കണ്ടവരുമായി സുഹൃത്തുക്കളാകാൻ ആഗ്രഹിക്കുന്നു. അവർ വളരെ ശക്തരും ഒരിക്കലും ഒന്നും തങ്ങളെ തകർക്കാൻ അനുവദിക്കാത്തവരുമാണ്. കൂടാതെ, സിംഹത്തെ കണ്ടവർക്ക് വലിയ സ്വപ്നങ്ങളുണ്ടാകും. അവർ തങ്ങളുടെ ഭാവിക്കായി വ്യക്തമായ പദ്ധതികൾ തയ്യാറാക്കുന്നവരുമാണ്. അറിവും കഠിനാധ്വാനവും ചേരുമ്പോൾ അവരുടെ ലക്ഷ്യങ്ങൾ കൈയെത്തും ദൂരത്താണെന്ന് അവർ വിശ്വസിക്കുന്നു. “മൊത്തത്തിൽ, നിങ്ങൾ വളരെ ശക്തനായ ഒരു വ്യക്തിയാണ്,” യിലിൻ പറഞ്ഞു.
ഈ തരംഗത്തിന് പിന്നിലെ മനശാസ്ത്രം
ഒപ്റ്റിക്കൽ ഇല്യൂഷൻ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വ പരിശോധനകൾക്ക് ശാസ്ത്രീയ പിന്തുണയില്ലെങ്കിലും, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിത്വ സവിശേഷതകളെക്കുറിച്ച് ചിന്തിക്കാനോ പുതിയ എന്തെങ്കിലും കണ്ടെത്താനോ ഉള്ള രസകരമായ ഒരു മാർഗ്ഗമാണിത്.




