Featured Spotlight

‘ ജീവിക്കേണ്ടേ? തുടരണമെങ്കിൽ സാമ്പത്തികമായിട്ട് മെച്ചമുണ്ടാകണം’ അഖിൽ മാരാരുടെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20, ഇതിലെന്താണ് തെറ്റെന്ന് അഖിലിന്റെ മറുപടി

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായിരുന്ന അഖിൽ മാരാരുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് ട്വന്റി 20. താൻ പാർട്ടിയിൽ തുടരണമെങ്കിൽ തനിക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകണമെന്നും ഇല്ലെങ്കിൽ തനിക്ക് നഷ്ടം മാത്രമേയുള്ളൂ എന്നുമാണ് അഖിൽ പറയുന്നതെന്ന് വ്യക്തമാക്കുന്ന ഫോൺ സന്ദേശമാണ് ട്വന്റി 20 തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. നേരത്തെ ട്വന്റി 20 കൺവീനർ സാബു എം. ജേക്കബ് തന്നെ വഞ്ചിച്ചെന്നും പണത്തിന് വേണ്ടിയാണ് സാബു പ്രവർത്തിക്കുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ട്വന്റി 20ക്ക് എതിരെ അഖിൽ വിമർശനം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഈ ഫോൺ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

‘‘രാഷ്ട്രീയ പാർട്ടിയിൽ തുടരണമെങ്കിൽ കൃത്യമായ അക്കൊമഡേഷൻ ഉണ്ടാകണം. ഇത് ഞാൻ തുറന്നു പറയുകയാണ്. അത് സാമ്പത്തികമായിട്ട് ആണെങ്കിൽ അങ്ങനെ. കാരണം നമുക്ക് ജീവിക്കണം. ഞാന്‍ അങ്ങനെ ജീവിച്ചു വന്നയാളാണ്. കോൺഗ്രസും ബിജെപിയും ദേശീയ പാർട്ടികളാണ്. അതിന്റേതായ വിലയുണ്ട്. ട്വന്റി 20ക്ക് അതില്ല. അതല്ല എങ്കിൽ കേന്ദ്രത്തിന്റെ ഏതെങ്കിലും ബോർഡ് ചോദിച്ചു വാങ്ങണം. കാരണം ഇതിൽ വന്നിട്ട് നഷ്ടങ്ങൾ മാത്രമേയുള്ളൂ. ’’  കൊട്ടാരക്കരയിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പാർട്ടിയിലേക്ക് വന്നതെന്നും അഖിൽ പറയുന്നുണ്ട്. എന്നാൽ ഈ സംഭാഷണം ആരോടാണ് നടത്തിയത് എന്നോ ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്നോ ട്വന്റി 20 വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഇതിന് മറുപടിയുമായി അഖിലിന്റെ പോസ്റ്റുമുണ്ട്. പാർട്ടിയിൽ തുടർന്ന് മുന്നോട്ട് പോകാൻ ബോർഡൊ, കോര്പറേഷനോ നമ്മൾ ബിജെപിയോട് ചോദിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് അഖില്‍ ചോദിക്കുന്നു.

മുമ്പ് സാബു എം. ജേക്കബുമായുള്ള ചില ഫോൺ സംഭാഷണങ്ങളും ചാറ്റുകളും അഖിൽ മാരാരും പുറത്തുവിട്ടിരുന്നു. താൻ സ്വയം ട്വന്റി 20യിൽ ചേരാൻ ആവശ്യപ്പെട്ട് പോയതല്ലെന്നും പരസ്യ ഏജൻസികൾ വഴിയാണ് പാർട്ടി തന്നെ ക്ഷണിച്ചതെന്നുമാണ് അഖിൽ അവകാശപ്പെട്ടത്. കൊട്ടാരക്കരയിൽ സീറ്റ് തരാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ച ശേഷം തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞെങ്കിലും രണ്ടും നൽകിയില്ലെന്ന് അദ്ദേഹം വിമർശിച്ചിരുന്നു. 19 സീറ്റുകളിൽ മത്സരിച്ച് കൂടുതൽ പണം കൈപ്പറ്റാനാണ് പാർട്ടി ശ്രമിച്ചതെന്നും താനടക്കമുള്ളവരെ മുന്നിൽ നിർത്തി എ ക്ലാസ് മണ്ഡലങ്ങളാണെന്ന് കാട്ടി പണം പിരിക്കുകയായിരുന്നുവെന്നും മറ്റുള്ളവർ വാങ്ങിയ പണത്തിന്റെ പേരിൽ താൻ ഇനി പഴി കേൾക്കില്ലെന്നും അഖിൽ ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് തന്റെ ഫോൺ കോളുകൾ പോലും എടുത്തില്ലെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അഖിലിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് സാബു എം. ജേക്കബ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. പണവും പദവികളും മോഹിച്ചു വരുന്നവർക്കുള്ളതല്ല ട്വന്റി 20 എന്നും അഖിലിന്റെ വാദങ്ങൾ തെറ്റാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനിടയിലാണ് ഇപ്പോൾ അഖിലിന്റെ ഫോൺ സന്ദേശം ട്വന്റി 20 പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമായി 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തു പോലും സ്വാധീനമുണ്ടാക്കാൻ ട്വന്റി 20ക്ക് കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *