ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ 12 ടണ്ണോളം കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ട വാർത്ത വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ വലിയ മോഷണത്തെപ്പോലും തങ്ങളുടെ ബ്രാൻഡിംഗിന് അനുകൂലമായ രീതിയിൽ മാറ്റിമറിച്ചിരിക്കുകയാണ് കിറ്റ്കാറ്റ് കമ്പനി ഇപ്പോൾ. ഇതിന്റെ ഭാഗമായി ടൊറന്റോ നഗരത്തിൽ കിറ്റ്കാറ്റ് നടത്തിയ ഒരു വിപണന തന്ത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പ്രത്യേകമായി നിർമ്മിച്ച ഫോർമുല വൺ കാറുകളുടെ ആകൃതിയിലുള്ള കിറ്റ്കാറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനുപിന്നാലെ കിറ്റ്കാറ്റ് കാനഡയുടെ ഇൻസ്റ്റാഗ്രാം പേജിൽ രസകരമായ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റിന് നൽകുന്ന സുരക്ഷയ്ക്ക് സമാനമായി കനത്ത കാവലിൽ കമാൻഡോ വാഹനങ്ങളുടെ അകമ്പടിയോടെ ഒരു കിറ്റ്കാറ്റ് ലോറി ടൊറന്റോ നഗരത്തിലൂടെ നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. തങ്ങളുടെ ചോക്ലേറ്റുകളുടെ സുരക്ഷയെ തങ്ങൾ അത്രമേൽ ഗൗരവത്തോടെയാണ് കാണുന്നതെന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നൽകുന്നത്.
ഈ വീഡിയോ പുറത്തുവിടുന്നതിന് മുൻപ് “പ്രൊഫഷണൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്” എന്ന പേരിൽ കിറ്റ്കാറ്റ് ഒരു പരസ്യം നൽകിയിരുന്നു. വിലപിടിപ്പുള്ള വസ്തുക്കൾക്ക് കാവൽ നിൽക്കാൻ കഴിവുള്ളവർക്കും ഇടവേളകൾ (Break) ഇഷ്ടപ്പെടുന്നവർക്കും അപേക്ഷിക്കാം എന്നായിരുന്നു ഇതിലെ തമാശ കലർന്ന വാചകം. കിറ്റ്കാറ്റിന്റെ സോഷ്യൽ മീഡിയ ടീമിനെയും ഈ ബുദ്ധിപരമായ നീക്കത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ഒരു വൻ മോഷണത്തെ എങ്ങനെ ക്രിയാത്മകമായി മാർക്കറ്റിംഗിനായി ഉപയോഗിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് കിറ്റ്കാറ്റ്.




