കടയില്‍ നിന്ന് അശ്ലീല വീഡിയോ കസറ്റുകള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തില്‍ 28 വര്‍ഷം മുന്‍പ് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. ഉപഭോക്‌താക്കള്‍ക്ക് നല്‍കാനായി കസറ്റുകള്‍ കടയില്‍ സൂക്ഷിച്ചുവെന്നാരോപിച്ച കേസില്‍, തെളിവായി ഹാജരാക്കിയ കസറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വയം പരിശോധിച്ചില്ലെന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്‌തമാക്കി.
1997ലാണ് സംഭവം. കൂരോപ്പട പഞ്ചായത്തില്‍ ഹര്‍ജിക്കാരന്റെ ഉടമസ്‌ഥതയിലുള്ള കടയില്‍നിന്ന് പൊലീസ് 10 വീഡിയോ കസറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഐ.പി.സി 292 വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് കോട്ടയം മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് രണ്ട് വര്‍ഷം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശേഷം സെഷന്‍സ് കോടതി ശിക്ഷ ഒരു വര്‍ഷവും പിഴ 1000 രൂപയുമായി കുറച്ചു. തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ ഏഴു പേരാണ് സാക്ഷികളായി ഹാജരായത്. അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെടെ ഒന്നാം, രണ്ടാം, ഏഴാം സാക്ഷികളും കസറ്റുകളില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് മൊഴി നല്‍കി. അന്വേഷണത്തിനിടെ തഹസില്‍ദാറും പിന്നീട് പാമ്പാടി എസ്.ഐയും കസറ്റുകള്‍ കണ്ടുവെന്നും അവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയുമുണ്ട്. പ്രതി കടയുടെ ഉടമസ്‌ഥന്‍ തന്നെയല്ലെന്നും മറ്റൊരാളെ അറസ്‌റ്റ് ചെയ്‌തുവെന്നും വിചാരണക്കിടെ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല.
എന്നാല്‍, തെളിവായി ഹാജരാക്കിയ വീഡിയോ കസറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വമേധയാ പരിശോധിച്ചില്ലെന്നതാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. സാക്ഷിമൊഴികള്‍ എത്രയുണ്ടെങ്കിലും തെളിവ് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ബാധ്യത മജിസ്‌ട്രേറ്റിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ പ്രതിക്കെതിരായ ശിക്ഷയും കേസ് നടപടികളും റദ്ദാക്കി കുറ്റവിമുക്‌തനാക്കുന്നതായി ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്ത് വിധി പ്രസ്‌താവിച്ചു.



