ന്യൂഡൽഹി: പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവളെ തൂക്കിക്കൊല്ലണമെന്ന് പ്രതി സിയാ ഗോയലിന്റെ അമ്മ. ന്യൂസ് ഡോട്‌സ് എന്ന മാധ്യമത്തോടായിരുന്നു അമ്മയുടെ ഈ വൈകാരിക പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിനെ (26) മഹാരാഷ്ട്രയിലെ ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 20-കാരിയായ സിയയും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കേതന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നും ഒരു അമ്മയായാണ് താൻ ഇത് പറയുന്നതെന്നും സിയയുടെ അമ്മ വ്യക്തമാക്കി. സിയയുടെ അച്ഛൻ പ്രവീൺ ഗോയലും സമാനമായ നിലപാടാണ് പങ്കുവെച്ചത്. കുറ്റം ചെയ്തത് സ്വന്തം മകളാണെങ്കിൽ പോലും തൂക്കിലേറ്റണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 മുതൽ പുണെയിലെ ആശുപത്രിയിൽ ചികിത്സയിലാണ് പ്രവീൺ ഗോയൽ.
കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ജൂൺ 18-ന് സിയയും ചേതനും പുണെയിലെ ഒരു കഫേയിൽ വെച്ച് കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. കേതനെ എവിടെ വെച്ച് തള്ളിയിടണം എന്ന് തീരുമാനിച്ച ശേഷം, സിയ കേതനെ ട്രക്കിങ്ങിനെന്ന വ്യാജേന ലൊഹഗാഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ പിന്തുടർന്ന ചേതനും സിയയും ചേർന്ന് കേതനെ താഴ്ചയിലേക്ക് തള്ളിയിട്ടു. തുടർന്ന്, ട്രക്കിങ്ങിനിടെ കാൽവഴുതി വീണതാണെന്നാണ് സിയ കേതന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. നിലവിൽ ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 3,300 അടി ഉയരമുള്ള കോട്ടയിൽ വെച്ച് കേതനെ കൊലപ്പെടുത്താൻ സിയ മുൻപും പലതവണ ശ്രമിച്ചിരുന്നു. മേയ് 31-ന് ഇവിടെയെത്തിയ ഇവർ, ജൂൺ നാലിന് വീണ്ടും വരാൻ ശ്രമിച്ചെങ്കിലും കേതന്റെ അമ്മ സമ്മതിച്ചില്ല. തുടർന്ന് ജൂൺ 14-ന് കോട്ടയിലെത്തിയപ്പോൾ സിയ കേതനെ തള്ളിയിട്ടെങ്കിലും കുറ്റിച്ചെടികളിൽ പിടിച്ച് കേതൻ രക്ഷപ്പെടുകയായിരുന്നു. അന്ന് പാമ്പിനെ കണ്ട് പേടിച്ചിട്ടാണ് തള്ളിയതെന്നാണ് സിയ കേതനെ വിശ്വസിപ്പിച്ചത്. ഒടുവിൽ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. കടുത്ത ചൂടുള്ള സമയത്ത് തലയിൽ ഹെഡ്‌സെറ്റും ഹൂഡിയും ധരിച്ച് ഇവരെ പിന്തുടർന്ന ചേതനെ സിസിടിവിയിൽ കണ്ടതാണ് പോലീസിന് സംശയമുണ്ടാക്കിയത്.
കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് നോക്കിനടത്തിയിരുന്ന കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്നത്. ഉദയ്പുരിലെ കൊട്ടാരത്തിൽ വെച്ച് വലിയ ആഡംബരത്തോടെ നടത്താനിരുന്ന വിവാഹത്തിനായി ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ സിയയ്ക്ക് ഈ ബന്ധത്തിൽ താല്പര്യമുണ്ടായിരുന്നില്ലെന്നും, തങ്ങളുടെ പ്രണയത്തിന് തടസ്സമായി നിന്ന കേതനെ ഇല്ലാതാക്കാൻ സിയയും ചേതനും ചേർന്ന് തീരുമാനിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.




