Oddly News

‘ചില്ലറയില്ലേ..എങ്കില്‍ ഇപ്പോ ഇറങ്ങണം…’; ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടര്‍; വീഡിയോ

ചില്ലറയില്ലാത്തതിന്റെ പേരിൽ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടു. ബെംഗളൂരുവിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. നഗരത്തിലെ സാധാരണക്കാരായ ബസ് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ വേണ്ടിയാണ് മന്ത്രി ആളറിയാതെ ബസിൽ യാത്ര ചെയ്തത്. എന്നാൽ ടിക്കറ്റെടുക്കാൻ ചില്ലറ തികയാതെ വന്നതോടെ, യാത്രക്കാരൻ മന്ത്രിയാണെന്ന് തിരിച്ചറിയാതെ കണ്ടക്ടർ അദ്ദേഹത്തോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ യാത്രാ ദൃശ്യങ്ങൾ മന്ത്രി തന്നെയാണ് പിന്നീട് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.

ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്ക് പോയ ബി.എം.ടി.സി ബസിലായിരുന്നു മന്ത്രിയുടെ ഈ മിന്നൽ പരിശോധന. ടിക്കറ്റിനായി മന്ത്രി നൂറു രൂപയുടെ നോട്ടാണ് കണ്ടക്ടർക്ക് നൽകിയത്. എന്നാൽ ചില്ലറ പണം തന്നെ വേണമെന്ന് കണ്ടക്ടർ നിർബന്ധം പിടിച്ചു. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ, തന്റെ പക്കലും ബാക്കി നൽകാൻ പണമില്ലെന്നും ചില്ലറ തരാൻ കഴിയില്ലെങ്കിൽ ഉടൻ തന്നെ ബസിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ കർശനമായി പറഞ്ഞു. തർക്കത്തിനൊന്നും നിൽക്കാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാലാണ് കണ്ടക്ടർക്ക് അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാതെ പോയത്.

ബസിൽ നിന്ന് ഇറങ്ങിയ മന്ത്രി പിന്നീട് ലക്ഷ്യസ്ഥാനത്തെത്താൻ ഒരു ഓട്ടോറിക്ഷയെയാണ് ആശ്രയിച്ചത്. യാത്ര കഴിഞ്ഞ് മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ മന്ത്രിയോട് 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മീറ്റർ ഉടൻ തന്നെ നന്നാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ ഡ്രൈവർക്ക് 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്നും ഇറങ്ങിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മന്ത്രിയുടെ വ്യത്യസ്തമായ മിന്നൽ പരിശോധനയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഇത്തരം പരിശോധനകൾ നടത്തിയാൽ മാത്രമേ സാധാരണക്കാരുടെ യഥാർത്ഥ പ്രശ്നങ്ങൾ അധികാരികൾക്ക് മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ജനങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *