2026 ഏപ്രിൽ 4-ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപിറ്റൽസ് (DC), മുംബൈ ഇന്ത്യൻസ് (MI) ഐപിഎൽ മത്സരത്തിനിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ചിയർലീഡർമാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സ്റ്റേഡിയത്തിനുള്ളിൽ ബൗണ്ടറി ലൈനിന് സമീപം നിന്ന് ചിയർലീഡർമാർ നൃത്തം ചെയ്യുമ്പോൾ ഉദ്യോഗസ്ഥൻ അത് ഫോണിൽ റെക്കോർഡ് ചെയ്യുന്നതാണ് വൈറലായ ചിത്രത്തിലുള്ളത്. ‘@bcci_x’ എന്ന എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ ചിത്രം നിമിഷങ്ങൾക്കകം വൈറലായി. പോലീസ് ഉദ്യോഗസ്ഥനൊപ്പം മറ്റൊരു ആരാധകനും ദൃശ്യങ്ങൾ പകരർത്തുന്നത് ചിത്രത്തിൽ കാണാം.
സംഭവത്തിന് പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്തെത്തി. “ഡൽഹി പോലീസ് ദിൽ കി പോലീസ്” എന്നും, ചിയർലീഡർമാരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ തിരിച്ചറിയാൻ വേണ്ടിയുള്ള സുരക്ഷാ മുൻകരുതലാണോ ഇതെന്നും പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.




