Sports

ട്വന്‍റി 20 ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ബുംറയില്ല! സഞ്ജു പുറത്തേക്ക്? കാരണമറിയണ്ടേ?

ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമല്‍സരം തുടങ്ങാനിരിക്കെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ മല്‍സരം. വൈറല്‍ പനി ബാധിച്ചതോടെ താരത്തിന് ഇന്ന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ നെറ്റ്സില്‍ പന്തെറിയാനും താരം എത്തിയിരുന്നില്ല. ടൂര്‍ണമെന്‍റിന്‍റെ തുടക്കമായതിനാല്‍ തന്നെ ഇപ്പോള്‍ റിസ്കെടുത്ത് താരത്തിന്‍റെ ആരോഗ്യനില വഷളാക്കേണ്ട സാഹചര്യമില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.

ബുംറയില്ലെങ്കില്‍ സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഹാര്‍ദികും സിറാജുമാകും പന്തെറിയാന്‍ ആദ്യമിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂസീലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനാകും അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നാണ് സൂചന. ഫോമിലില്ലാത്ത സഞ്ജു പ്ലേയിങ് ഇലവനിലും ഉണ്ടായാക്കില്ല. പരുക്കേറ്റ് വിശ്രമത്തിലുള്ള വാഷിങ്ടണ്‍ സുന്ദറിന് ഇതുവരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ട് താരം ഇന്ത്യന്‍ ടീമിനോട് ചേര്‍ന്നിട്ടുമില്ല. നിലവില്‍ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലാണ് താരം.

ഇന്ന് യുഎസ്എയ്ക്കെതിരെയുള്ള മല്‍സരത്തിന് ശേഷം 12ന് നമീബിയയ്ക്കെതിരെയും 15ന് പാക്കിസ്ഥാനെതിരെയുമാണ് മല്‍സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. പിസിബി ഇക്കാര്യം ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.