മുംബൈ ലോക്കൽ ട്രെയിനിലെ പതിവ് തിരക്കിനിടയിലേക്ക് അപ്രതീക്ഷിതമായി ഒരു ‘എയർ ഹോസ്റ്റസ്’ കടന്നുവന്നാൽ എങ്ങനെയുണ്ടാകും? ഇൻസ്റ്റാഗ്രാം ചലഞ്ചിന്റെ ഭാഗമായി എയർ ഹോസ്റ്റസിന്റെ വേഷം ധരിച്ച് ട്രെയിനിൽ യാത്രക്കാരെ രസിപ്പിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്രണയ് ജോഷിയാണ് തന്റെ ഫോളോവേഴ്‌സിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഈ രസകരമായ പ്രകടനം നടത്തിയത്.
ചുവന്ന നിറത്തിലുള്ള കാബിൻ ക്രൂ യൂണിഫോമും സ്കർട്ടും കോട്ടും ധരിച്ചാണ് പ്രണയ് ട്രെയിനിൽ കയറിയത്. “ഞാൻ ലേഡീസ് കോച്ചിൽ കയറണോ അതോ ജെന്റ്‌സ് കോച്ചിലാണോ?” എന്ന തമാശയോടെയായിരുന്നു തുടക്കം. ട്രെയിനിനുള്ളിൽ കയറിയ പ്രണയ് വിമാനത്തിലെ അറിയിപ്പുകൾക്ക് സമാനമായ രീതിയിൽ അനൗൺസ്‌മെന്റുകൾ നടത്തി യാത്രക്കാരെ പൊട്ടിച്ചിരിപ്പിച്ചു. “എല്ലാവർക്കും എയർ ബോറിവാലിയിലേക്ക് സ്വാഗതം, സീറ്റ് കിട്ടിയവർ ജാഡ കുറയ്ക്കുക, കിട്ടാത്തവർ അടുത്ത സ്റ്റേഷനായി കാത്തിരിക്കുക” എന്നായിരുന്നു പ്രണയിന്റെ പരിഹാസം കലർന്ന അനൗൺസ്‌മെന്റ്.
വാതിലുകളെക്കുറിച്ചും എമർജൻസി ചെയിൻ വലിക്കുന്നതിനെക്കുറിച്ചും വിമാനത്തിലെ സുരക്ഷാ നിർദ്ദേശങ്ങളെ അനുകരിച്ച് പ്രണയ് സംസാരിച്ചപ്പോൾ യാത്രക്കാർ കൗതുകത്തോടെ ഇത് മൊബൈലിൽ പകർത്തി. നിത്യേനയുള്ള തിരക്കേറിയ യാത്രയ്ക്കിടയിൽ ലഭിച്ച ഈ അപ്രതീക്ഷിത വിനോദത്തെ മിക്കവരും ചിരിയോടെയാണ് വരവേറ്റത്. വീഡിയോ വൈറലായതോടെ പ്രണയിന്റെ സർഗ്ഗാത്മകതയെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തി. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങൾ ഇത്തരം സോഷ്യൽ മീഡിയ സ്റ്റണ്ടുകൾക്കായി ഉപയോഗിക്കുന്നത് ശരിയാണോ എന്ന തരത്തിലുള്ള ചർച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്.




