Featured Lifestyle

ചാണകം മെഴുകിയ 10കോടിയുടെ ‘ബംഗ്ലാവ്’: ‘പ്രോട്ടീൻ കോണ്ട’ത്തിന് പിന്നാലെ ഗൗരവിന്റെ ഫാംഹൗസ് വൈറലാകുന്നു!

ബോഡി ബിൽഡർ, പൈലറ്റ്, സംരംഭകൻ എന്നിങ്ങനെ പല മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് ഗൗരവ് തനേജ. അടുത്തിടെ തന്റെ ‘ബീസ്റ്റ് ലൈഫ്’ എന്ന ബ്രാൻഡിലൂടെ ലോകത്തിലെ ആദ്യത്തെ ‘പ്രോട്ടീൻ കോണ്ടം’ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെ താരം വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത് വെറുമൊരു ഏപ്രിൽ ഫൂൾ തമാശ മാത്രമാണെന്ന് പിന്നീട് അദ്ദേഹം തന്നെ വെളിപ്പെടുത്തി. നമ്മുടെ ആരോഗ്യം വെച്ച് നമ്മൾ നടത്തുന്ന അശ്രദ്ധമായ പരീക്ഷണങ്ങളേക്കാൾ ചെറുതാണ് ഈ തമാശയെന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം.

എന്നാൽ വെറും തമാശകൾക്ക് അപ്പുറം, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന വലിയൊരു ബിസിനസ് ലോകം കൂടി ഗൗരവിനുണ്ട്. സോഷ്യൽ മീഡിയയിൽ ‘ഫ്ലൈയിങ് ബീസ്റ്റ്’ എന്നറിയപ്പെടുന്ന താരം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഡൽഹിയിലുള്ള തന്റെ വ്യത്യസ്തമായ ആഡംബര ഫാംഹൗസിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ്.

ഡൽഹി-എൻസിആർ മേഖലയിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ഈ ഫാംഹൗസിലാണ് ഗൗരവും കുടുംബവും കഴിയുന്നത്. ഈ വീടിന്റെ ഉൾവശത്തെ ചുവരുകൾ ചാണകം മെഴുകുന്ന പഴയകാല രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്. ചാണകം ഉപയോഗിച്ചുള്ള ഈ പെയിന്റിങ് വീടിനുള്ളിൽ നല്ല തണുപ്പ് നൽകുകയും അണുക്കളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുവരുകളിൽ ചാണകം ഉപയോഗിച്ചിട്ടുണ്ടെങ്കിലും വീട്ടിൽ ഒട്ടും ദുർഗന്ധമില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ഗൗരവ് തനേജയുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നാണ് ജൈവകൃഷിയും ക്ഷീരവികസനവും ലക്ഷ്യമിട്ടുള്ള ‘റോസിയർ’ എന്ന സ്ഥാപനം. ഫാംഹൗസിനോട് ചേർന്ന് ഏതാണ്ട് 200 പശുക്കളെ അദ്ദേഹം സംരക്ഷിക്കുന്നുണ്ട്. കൂടാതെ മാവും നാരകവുമെല്ലാം നിറഞ്ഞ വലിയൊരു തോട്ടവും ഇവിടെയുണ്ട്. തന്റെ ഫാമിൽ നിന്നുള്ള പാൽ നേരിട്ട് വിൽക്കുന്നതിന് പകരം ശുദ്ധമായ നെയ്യും വെണ്ണയും മോരും നിർമ്മിക്കാനാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കൂടാതെ ‘റോസിയർ’ എന്ന പേരിൽ അച്ചാർ ബിസിനസും അദ്ദേഹം വിജയകരമായി നടത്തിവരുന്നു.