കഠിനമായ ഡയറ്റുകളും കടുത്ത വ്യായാമമുറകളും പെട്ടെന്ന് ഫലം തരുന്ന വഴികളുമൊക്കെയാണ് പലപ്പോഴും ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളായി നമ്മൾ കേൾക്കാറുള്ളത്. എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന സ്ഥിരതയുള്ള മാറ്റങ്ങളാണ് എപ്പോഴും നിലനിൽക്കുന്ന ഫലങ്ങൾ നൽകുക. സോഷ്യൽ മീഡിയയിലൂടെ പലരും തങ്ങളുടെ ഫിറ്റ്നസ് അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.
അത്തരത്തിലൊരു കഥയാണ് യുഎസിലെ സാൻ ഡീഗോയിൽ നിന്നുള്ള താനിയ എന്ന ഇൻഫ്ലുവൻസറായ അമ്മയ്ക്ക് പറയാനുള്ളത്. 103 കിലോഗ്രാമിൽ നിന്നും 71 കിലോഗ്രാമിലേക്ക് തന്റെ ശരീരഭാരം കുറച്ച യാത്ര അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ലളിതവും എന്നാൽ എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്നതുമായ ചില ശീലങ്ങളാണ് 32 കിലോ കുറയ്ക്കാൻ സഹായിച്ചതെന്ന് താനിയ വ്യക്തമാക്കുന്നു.
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ, ആരോഗ്യകരമായ ഭക്ഷണരീതിയിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനെക്കുറിച്ച് താനിയ സംസാരിച്ചു. “മൂന്ന് വർഷമെടുത്ത്, എന്റെ സ്വന്തം വേഗതയിൽ, വെയ്റ്റ് ട്രെയിനിംഗിലൂടെയും യോഗയിലൂടെയുമാണ് ഞാൻ ഈ നേട്ടം കൈവരിച്ചത്,” അവർ കുറിച്ചു.
മറ്റൊരു പോസ്റ്റിൽ, വീട്ടിലിരുന്ന് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ച അഞ്ച് പ്രധാന കാര്യങ്ങൾ താനിയ പങ്കുവെച്ചു.
ആദ്യത്തേത് പ്രോട്ടീന്റെ ഉപയോഗമാണ്. ദിവസവും മൂന്ന് നേരം കുറഞ്ഞത് 30 ഗ്രാം പ്രോട്ടീൻ എങ്കിലും കഴിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് താനിയ പറയുന്നു. സംസ്കരിച്ച പ്രോട്ടീനുകളേക്കാൾ പ്രകൃതിദത്തമായ പ്രോട്ടീനുകൾക്ക് മുൻഗണന നൽകണം. ദിവസവും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാതിരിക്കുകയോ അല്ലെങ്കിൽ പട്ടിണി കിടക്കുകയോ ചെയ്താൽ ശരീരഭാരം കുറയ്ക്കാനും ശരീരം മനോഹരമാക്കാനും കഴിയില്ല.
രണ്ടാമത്തേത് വ്യായാമം ചെയ്യുന്നതിലെ ഫ്ലെക്സിബിലിറ്റിയാണ്. ഒരു അമ്മ എന്ന നിലയിൽ, വ്യായാമം ചെയ്യാൻ ‘ഏറ്റവും അനുയോജ്യമായ’ സമയം കണ്ടെത്താൻ താൻ ശ്രമിക്കാറില്ലെന്ന് അവർ പറഞ്ഞു. ചില ദിവസങ്ങളിൽ പുലർച്ചെ 5 മണിക്കും, ചിലപ്പോൾ കുഞ്ഞ് ഉറങ്ങുന്ന ഉച്ചയ്ക്ക് 3 മണിക്കും, മറ്റ് ചിലപ്പോൾ എല്ലാവരും ഉറങ്ങിയ ശേഷം രാത്രി 9 മണിക്കും താൻ വ്യായാമം ചെയ്യാറുണ്ട്. നിങ്ങൾക്ക് കൃത്യമായി ചെയ്യാൻ സാധിക്കുന്ന സമയമാണ് വ്യായാമത്തിന് ഏറ്റവും നല്ല സമയം. അനുയോജ്യമായ ഒരു സമയക്രമത്തിനായി കാത്തിരിക്കാതെ, നിങ്ങളുടെ ജീവിതത്തിനനുസരിച്ച് വ്യായാമത്തെ മാറ്റിയെടുക്കുക.
മൂന്നാമത്തേത് വെയ്റ്റ് ലിഫ്റ്റിംഗ് അഥവാ ഭാരമുയർത്തിയുള്ള വ്യായാമങ്ങളാണ്. ശരീരത്തിന് താങ്ങാൻ കഴിയുന്ന രീതിയിൽ ആഴ്ചയിൽ മൂന്ന് തവണ ഭാരമുയർത്തിയുള്ള വ്യായാമം ചെയ്യണമെന്നാണ് താനിയ പറയുന്നത്. തുടക്കത്തിൽ ചെറിയ ഭാരത്തിൽ തുടങ്ങി, കൃത്യത നിലനിർത്തി, ശരീരം മുഴുവനുമുള്ള വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് ക്രമേണ ഭാരം കൂട്ടുകയും ചെയ്യാം.
നാലാമത്തേത് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. നിങ്ങളുടെ ശരീരഭാരത്തിന്റെ പകുതി അളവ് ഔൺസ് വെള്ളമെങ്കിലും ദിവസവും കുടിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ഭാരം 120 പൗണ്ട് ആണെങ്കിൽ, ദിവസവും 60 ഔൺസ് വെള്ളം കുടിക്കാൻ ലക്ഷ്യമിടുക. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നത് ഊർജ്ജം നിലനിർത്താനും ക്ഷീണം മാറാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും സഹായിക്കും.
അഞ്ചാമത്തേത് നല്ല ഉറക്കമാണ്. നിങ്ങളുടെ ജീവിതസാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ച് നല്ല ഉറക്കം ഉറപ്പാക്കുക. പ്രസവിച്ച ശേഷമുള്ള സമയമാണെങ്കിൽ ചിലപ്പോൾ രാത്രികളിൽ കൃത്യമായി ഉറങ്ങാൻ കഴിഞ്ഞെന്ന് വരില്ല, അത് സാരമില്ല. എപ്പോഴൊക്കെ സാധിക്കുമോ അപ്പോഴൊക്കെ വിശ്രമിക്കാൻ മുൻഗണന നൽകുക. കാരണം ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും പേശികളുടെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും വിശ്രമം അത്യാവശ്യമാണ്.
അടുത്ത 6 മുതൽ 12 ആഴ്ചത്തേക്ക് ഈ അഞ്ച് കാര്യങ്ങൾ പരീക്ഷിച്ച് നോക്കൂ, നിങ്ങൾക്ക് പൂർണ്ണമായും മാറ്റം അനുഭവപ്പെടും. നിങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുന്നത് മാത്രമല്ല, ശരീരം കൂടുതൽ കരുത്താർജ്ജിക്കുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും, താനിയ കുറിച്ചു.




