തിരുവനന്തപുരം∙ നിയമസഭയിൽ എൽഡിഎഫിനെ ഇനി ആരു നയിക്കും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാകുന്നു. യുഡിഎഫ് വലിയ വിജയം നേടി അധികാരത്തിലേക്ക് എത്തുമ്പോൾ, കനത്ത പരാജയം ഏറ്റുവാങ്ങിയ എൽഡിഎഫിന്റെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യത്തിനാണ് ഇപ്പോൾ പ്രാധാന്യം ഏറുന്നത്.
തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വിരൽചൂണ്ടുന്ന സാഹചര്യത്തിൽ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും പാർലമെന്ററി പാർട്ടി നേതാവായി ആദ്യത്തെ കുറച്ചു വർഷങ്ങൾ അദ്ദേഹം തന്നെ തുടരാനുള്ള സാധ്യതയും ചില കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
പിണറായി വിജയൻ ഒഴിഞ്ഞുനിൽക്കാൻ തീരുമാനിച്ചാൽ ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത് കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ.ബാലഗോപാലിനെയായിരിക്കും. ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ മുഖ്യമന്ത്രിയെ കൂടാതെ പാർട്ടി കേന്ദ്ര കമ്മിറ്റിയിലുള്ള ഏക വ്യക്തി ബാലഗോപാലാണ് എന്നതാണ് അദ്ദേഹത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്.
കെ.കെ. ശൈലജ, പി. രാജീവ്, എം.ബി. രാജേഷ് തുടങ്ങിയ പ്രമുഖർ പരാജയപ്പെട്ട സാഹചര്യത്തിൽ ബാലഗോപാലിന് തന്നെയാണ് മുൻഗണന. അദ്ദേഹം അസൗകര്യം അറിയിക്കുകയാണെങ്കിൽ മാത്രമാകും സജി ചെറിയാൻ, മുഹമ്മദ് റിയാസ് എന്നിവരെ പാർട്ടി പരിഗണിക്കുക. ഇതിൽ സീനിയോറിറ്റി സജി ചെറിയാനുണ്ടെങ്കിലും ഭരണപരമായ കാര്യങ്ങളിലെ മികവ് ബാലഗോപാലിന് തുണയാകുന്നുണ്ട്.
സഭയിലെ മികച്ച പ്രകടനവും പാർട്ടിയിലെ വിശ്വാസ്യതയും ബാലഗോപാലിനെ മുൻനിരയിലെത്തിക്കുന്നു. പിണറായിയുടെ പ്രവർത്തന ശൈലിയിൽ നിന്ന് വ്യത്യസ്തമായി സ്വന്തം നിലപാടുകളിലൂടെ വിജയം നേടിയ ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കി ഒരു തിരുത്തൽ നടപടിക്കാണ് പാർട്ടി ശ്രമിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്.




