Featured Sports

പുറത്താകലിന്റെ വക്കിൽ രണ്ട് ഗോൾ തിരിച്ചടിച്ചു, രക്ഷകനായി ഹാരി കെയ്ൻ, ഇംഗ്ലണ്ട് പടയെ വിറപ്പിച്ച് കോംഗോ വീണു

ലോകകപ്പിലെ റൗണ്ട് 32 പോരാട്ടത്തിൽ ഡി.ആർ കോംഗോയ്ക്കെതിരെ നന്നായി വിയര്‍പ്പൊഴുക്കിയ ഇംഗ്ലണ്ടിന് അവസാനം ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.

തങ്ങളുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കാനിറങ്ങിയ കോംഗോ, കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ ഗോൾ നേടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ചാൻസൽ എംബെംബ നൽകിയ നീളൻ പാസ് സ്വീകരിച്ച് ബ്രയാൻ സിപെംഗ ഇംഗ്ലീഷ് ഡിഫൻഡർമാരെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ ഒരു അട്ടിമറി മണത്തെങ്കിലും, തൊട്ടുപിന്നാലെ യോവാനെ വിസ്സയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ഇംഗ്ലണ്ടിന് ഭാഗ്യമായി. ആദ്യപകുതിയിൽ ഗോൾ മടക്കാൻ ഇംഗ്ലണ്ട് പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി കോർട്ടിലെത്തിയ ആന്റണി ഗോർഡൻ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. 75-ാം മിനിറ്റിൽ ഗോർഡൻ നൽകിയ മികച്ചൊരു ക്രോസ് ഹെഡ് ചെയ്ത് ഹാരി കെയ്ൻ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. തുടർന്നും കളിയിൽ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 86-ാം മിനിറ്റിൽ വിജയഗോളും നേടി. ഗോർഡൻ നൽകിയ പാസിൽ നിന്ന് പന്ത് സ്വീകരിച്ച ഹാരി കെയ്ൻ ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായൊരു ഷോട്ട് വലയുടെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഇതോടെ ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

മത്സരത്തിലുടനീളം മികച്ച സേവുകളുമായി ഇംഗ്ലണ്ടിനെ തടഞ്ഞുനിർത്തിയത് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ മിടുക്കായിരുന്നു. ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ൻ എന്നിവരുടെ ഉറപ്പായ ഗോളവസരങ്ങളാണ് എംപാസി തട്ടിയകറ്റിയത്. ഇംഗ്ലീഷ് പ്രതിരോധത്തിലെ പിഴവുകൾ തുടക്കത്തിൽ കോംഗോയ്ക്ക് അനുകൂലമായെങ്കിലും, പരിചയസമ്പന്നരായ ഇംഗ്ലീഷ് താരങ്ങൾ രണ്ടാം പകുതിയിൽ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. അടുത്ത റൗണ്ടിൽ ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *