Crime

ശിവസേനാ നേതാവിന്റെ മകനെ രക്ഷപ്പെടാൻ സഹായിച്ചത് കാമുകി? ആഡംബരക്കാറിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ ലുക്ക് ഔട്ട് സർക്കുലർ

മുംബൈ: ബി.എം.ഡബ്ല്യു. കാര്‍ ഇടിച്ച്‌ മുംബൈയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകിയാണ് വാഹനം ഓടിച്ച മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് വിവരം. 24 കാരനായ യുവാവിനെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന് ശേഷം മിഹിറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് മിഹിറിന്റെ പിതാവ് രാജേഷ് ഷായെയും ഡ്രൈവര്‍ ബിദാവത്തിനെയും വർളി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പാല്‍ഘര്‍ ജില്ലയിലെ ശിവസേന(ഷിന്‍ഡെ വിഭാഗം) നേതാവ്‌ രാജേഷ്‌ ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ആഢബര കാറാണ്‌ കാവേരിയും ഭര്‍ത്താവ്‌ പ്രദീപും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചത്‌. ഭാരതീയ ന്യായ്‌ സംഹിത പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും തെളിവ്‌ നശിപ്പിച്ചതിനും കേസെടുത്തു.

രാത്രി ജുഹുവിലെ ഒരു ബാറില്‍ കയറി മിഹിര്‍ ഷാ മദ്യപിച്ചിരുന്നു. ബാറിലെ 18,000 രൂപയുടെ ബില്ലും പോലീസ് കണ്ടെത്തി. അവിടെനിന്നു മടങ്ങുന്നതിനിടെ കാര്‍ വര്‍ളിയിലെത്തിയപ്പോള്‍ മിഹിര്‍ ഷാ ഡ്രൈവിങ്‌ ഏറ്റെടുത്തു. അമിതവേഗത്തില്‍ കുതിച്ച ബി.എം.ഡബ്ല്യു. ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ വിന്‍ഡ്‌ഷീല്‍ഡിലുണ്ടായിരുന്ന ശിവസേനയുടെ സ്‌റ്റിക്കര്‍ നീക്കിയിരുന്നു. അപകടശേഷം കാറിന്റെ നമ്പര്‍ പ്ലേറ്റുകളിലൊന്നും നീക്കി. എന്നാല്‍, പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ്‌ കാര്‍ തിരിച്ചറിഞ്ഞു. പബിൽനിന്നു നാല് സുഹൃത്തുക്കൾക്കൊപ്പം മിഹിർ ഇറങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബി.എം.ഡബ്ല്യു. കാര്‍ ഇടിച്ച്‌ മുംബൈയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രോഷാകുലനായി ഭര്‍ത്താവ്‌. ‘അവരൊക്കെ വലിയ ആളുകളാണെന്നും ആരും ഒന്നും ചെയ്യില്ലെന്നും കൊല്ലപ്പെട്ട കാവേരി നഖ്‌വയുടെ ഭര്‍ത്താവ്‌ പ്രദിക്‌ നഖ്‌വ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. ഇന്നലെ പുലര്‍ച്ചെ മുംബൈ വര്‍ളിയില്‍ ഹൈവേയില്‍വച്ചുണ്ടായ അപകടത്തിലാണ്‌ കാവേരി നഖ്‌വ കൊല്ലപ്പെട്ടത്‌. മത്സ്യവില്‍പ്പനത്തൊഴിലാളികളായ ഇരുവരും സസൂണ്‍ ഡോക്കില്‍നിന്നു മത്സ്യവും വാങ്ങി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം.