കശ്മീർ : ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിലെ ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച താരത്തെച്ചൊല്ലി വിവാദം . മത്സരത്തിൽ നിന്നുള്ള ഈ ചിത്രം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പോലീസ് നടപടികള്‍ ആരംഭിച്ചു. വിവാദത്തെത്തുടർന്ന് താരത്തെ ലീഗിൽ നിന്ന് വിലക്കിയതായും റിപ്പോർട്ടുകളുണ്ട്.
ന്യൂസ് 9-ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുർഖാൻ ഭട്ട് എന്ന ക്രിക്കറ്റ് താരമാണ് പലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ച് ബാറ്റ് ചെയ്തത്. സംഭവത്തിൽ ജമ്മു കശ്മീർ പോലീസ് സ്വമേധയാ കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി ക്രിക്കറ്റ് താരത്തെ വിളിച്ചുവരുത്തി മൊഴിയെടുത്തു. വിഷയത്തിൽ പോലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. താരത്തിന്റെ പ്രവൃത്തിക്ക് പിന്നിലെ കൃത്യമായ കാരണവും ഉദ്ദേശ്യവുമാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ഈ വിവാദം ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സംഘാടകനായ സാഹിദ് ഭട്ടിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്.
അതേസമയം, ഈ ടൂർണമെന്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (JKCA) വ്യക്തമാക്കിയിട്ടുണ്ട്. ഈ ലീഗ് തങ്ങളുടെ കീഴിലല്ല സംഘടിപ്പിച്ചിട്ടുള്ളതെന്നും ഫുർഖാൻ ഭട്ട് ജെകെസിഎയുമായി സഹകരിക്കുന്ന താരമല്ലെന്നും അസോസിയേഷൻ അറിയിച്ചു. തങ്ങൾക്ക് ടൂർണമെന്റുമായി ബന്ധമില്ലാത്തതിനാൽ ഈ വിഷയത്തിൽ നടപടിയെടുക്കില്ലെന്നും ജെകെസിഎ കൂട്ടിച്ചേർത്തു.
പോലീസ് ചോദ്യം ചെയ്യലും അന്വേഷണവും തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.




