Crime Featured

ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’; എത്ര ദൂരത്ത് നിന്നും കൃത്യമായി വെടിവെച്ച് വീഴ്ത്താം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ഉയര്‍ന്ന സാങ്കേതികത നിലവാരമുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്.

പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. കിര്‍ക്കിന്റെ കൊലയാളിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ അറിയിച്ചു. യുട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ തോക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുന്ന തിനിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്.

ക്യാമ്പസിലെ ലോസി സെന്റര്‍ കെട്ടിട സമുച്ചയത്തിന്റെ മേല്‍ക്കൂരയില്‍ നിലയുറപ്പിച്ചിരുന്ന കൊലയാളിയാണു കൃത്യം നടത്തിയത്‌. 100-200 വാര അകലെനിന്നെത്തിയ വെടിയുണ്ട കിര്‍ക്കിന്റെ ഇടതുകഴുത്തില്‍ തുളച്ചുകയറി. വിദ്യാര്‍ഥികളുടെ ചോദ്യത്തിനു മറുപടി പറയുന്നതിനിടെ വെടിയേറ്റ്‌ രക്‌തം ചീറ്റിയൊഴുകിയ കഴുത്തില്‍ വലതുകൈ അമര്‍ത്തി കിര്‍ക്ക്‌ പിന്നോട്ടു മറിഞ്ഞു. കിര്‍ക്കിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നവരാണ്‌ ആക്രമണത്തിനു പിന്നിലെന്നാണു സൂചന. കിര്‍ക്കിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കില്‍നിന്നാണ്‌ ഇതു സംബന്ധിച്ച സൂചന ലഭിച്ചത്‌.

പ്രസംഗിക്കുന്നതിനിടെയാണ് ദൂരത്തുള്ള റൂഫ് ടോപ്പില്‍ നിന്ന് കിര്‍ക്കിന് വെടിയേറ്റത്. കൃത്യം നടത്തിയ ശേഷം അക്രമി കെട്ടിടത്തില്‍ നിന്ന് ചാടി അടുത്തുള്ള താമസസ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയിക്കുന്ന വ്യക്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. രണ്ടുപേരെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും, ഇവര്‍ക്ക് വെടിവെപ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയച്ചതായി പൊതു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെടിവയ്‌പ്പിനു മുമ്പും ശേഷവുമുള്ള ക്യാമ്പസിലെ വീഡിയോകളില്‍ കൊലയാളിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങളുമുണ്ടെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കൊലപാതകം അരങ്ങേറുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ ലോസി സെന്ററിന്റെ മേല്‍ക്കൂരയ്‌ക്കരികില്‍ ഇരുണ്ടനിറങ്ങളിലുള്ള വസ്‌ത്രധാരി കിടക്കുന്നതു കാണാം. റൂഫ്‌ ടോപ്പിലൂടെ ആരോ ഓടിപ്പോകുന്നത്‌ സംഭവശേഷമുള്ള ദൃശ്യങ്ങളിലുണ്ട്‌. അമച്വര്‍ ദൃശ്യങ്ങളായതിനാല്‍ വ്യക്‌തതയില്ലാത്തത്‌ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്‌. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി ഉടന്‍ വലയിലാകുമെന്നും പോലീസ്‌ അറിയിച്ചു.

ഒരു വിദ്യാര്‍ഥിയാണ്‌ ആക്രമണം നടത്തിയതെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്‌. കറുത്ത വസ്‌ത്രമാണ്‌ അയാള്‍ ധരിച്ചിരുന്നത്‌. അമേരിക്കന്‍ പ്രസിഡന്റ്‌പദവിയിലേക്കു ട്രംപ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുപിന്നില്‍ റേഡിയോ അവതാരകനും പോഡ്‌കാസ്‌റ്ററുമായ കിര്‍ക്കിന്റെ സംഭാവന വലുതായിരുന്നു. യുവജനതയുടെ വോട്ട്‌ ട്രംപിന്‌ ഉറപ്പാക്കുന്നതില്‍ ടേണിങ്‌ പോയിന്റ്‌ യു.എസ്‌.എ. എന്ന യുവജനസംഘടനയുടെ സി.ഇ.ഒയും സഹസ്‌ഥാപകനുമായ കിര്‍ക്ക്‌ നിര്‍ണായക സ്വാധീനം ചെലുത്തി.