Featured Good News

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; അന്ധനായ തന്റെ യജമാനനെ രക്ഷപ്പെടുത്തിയ വളര്‍ത്തുനായ !

അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ തകര്‍ന്ന് 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. അമേരിക്കൻ എയർലൈൻസിന്റെ വിമാനം രാവിലെ 8.46ന് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. 17മിനിറ്റിന് ശേഷം 9.3 ന് അതേ കെട്ടിടത്തിന്റെ തെക്കേ ടവറിലേക്ക് മറ്റൊരു വിമാനം കൂടി ഇടിച്ചു കയറി. ആക്രമണത്തില്‍ അന്ധനായ മൈക്കിള്‍ ഹിംഗ്‌സണെ രക്ഷപ്പെടുത്തിയത് അയാളുടെ വളര്‍ത്തുനായയായിരുന്നു. 9/11 ആക്രമണത്തിന്റെ 24-ാം വാര്‍ഷികത്തിന് അദ്ദേഹം അന്നത്തെ ഭീകരമായ നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്തെടുത്തു.

2001 സെപ്റ്റംബര്‍ 11-ന് പുലര്‍ച്ചെ, വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിന്റെ 78-ാം നിലയിലെ ഓഫീസിലിരിക്കെ പെട്ടെന്ന് എല്ലാവരും പരിഭ്രാന്തരായി. ആക്രമണത്തെ തുടര്‍ന്നുണ്ടായ പുക ഓഫീസിലേക്ക് വ്യാപിച്ചത് എല്ലാവരേയും ഭയപ്പെടുത്തി. എന്നാല്‍, വഴികാട്ടിയായ റോസെല്‍ എന്ന ലാബ്രഡോര്‍ റിട്രീവര്‍ ഇളകാതെ നിന്നു. ആളുകള്‍ നിലവിളിക്കുകയും പരിഭ്രാന്തരാകുകയും ചെയ്തപ്പോള്‍, തന്റെ യജമാനനെ അപകടത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ പരിശീലനം ലഭിച്ച റോസെല്‍ തയ്യാറായി. ജന്മനാ അന്ധനാണ് മൈക്കിള്‍. കാലിഫോര്‍ണിയയിലെ സാന്‍ റാഫേലിലുള്ള ‘ഗൈഡ് ഡോഗ്‌സ് ഫോര്‍ ദി ബ്ലൈന്‍ഡ്’ എന്ന സ്ഥാപനം പരിശീലനം നല്‍കിയ നായയാണ് റോസെല്‍ .

1999 നവംബറിലാണ് മൈക്കിളിന് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ സഹായിച്ചുകൊണ്ട് റോസെല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയത്. 2001 സെപ്റ്റംബര്‍ 11-ന് രാവിലെ, മൈക്കിള്‍ പതിവുപോലെ ജോലി ചെയ്യുകയായിരുന്നു. രാവിലെ 8:45-ഓടെ കെട്ടിടം കുലുങ്ങി. അവരുടെ ഓഫീസിന് മുകളിലുള്ള നിലകളിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 11 നോര്‍ത്ത് ടവറില്‍ ഇടിച്ചിറങ്ങിയത്. ഉറങ്ങുകയായിരുന്ന റോസെല്‍ ഉടന്‍ ഉണര്‍ന്നെങ്കിലും പരിഭ്രാന്തയായില്ല.

ചിന്തിച്ചു നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. മൈക്കിള്‍ വേഗത്തില്‍ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചു, അതിനുശേഷം അദ്ദേഹത്തിന് അവിടെ നിന്ന് പുറത്തു പോകണമെന്ന് മനസ്സിലാക്കി. റോസെലിന്റെ സഹായത്തോടെ, അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെയും കൂട്ടി സ്റ്റെയര്‍വെല്‍ ബി-യിലേക്ക് നടന്നു. 78 നിലകളുള്ള പടികള്‍ അവര്‍ ഒന്നൊന്നായി ഇറങ്ങാന്‍ തുടങ്ങി. പുക നിറഞ്ഞതും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതുമായ പടികള്‍ ഭീകരമായിരുന്നു. ചുറ്റുമുള്ള പലരും ഭയന്ന് ശ്വാസമെടുക്കാന്‍ പോലും പാടുപെടുകയായിരുന്നു.

ഒരു മണിക്കൂറിലധികം സമയത്തിനുശേഷം, അവര്‍ ഒടുവില്‍ താഴെയെത്തി. അവര്‍ രക്ഷപ്പെടുന്നതിനിടെ രണ്ടാമത്തെ ടവര്‍ തകര്‍ന്നു. ചുറ്റും ചാരവും അവശിഷ്ടങ്ങളും നിറഞ്ഞു. ഈ സമയം, റോസെല്‍ മൈക്കിളിനെ വായു താരതമ്യേന ശുദ്ധിയുള്ള ഒരു സബ് വേ സ്റ്റേഷനിലേക്ക് നയിച്ചു. അവിടെ നിന്ന്, അവരെ സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ സുരക്ഷിതമായി എത്തിക്കുന്നതുവരെ നിരവധി ബ്ലോക്കുകള്‍ റോസെല്‍ താണ്ടി.

അവിടെവെച്ച് റോസെലിന്റെ ദൗത്യം അവസാനിച്ചില്ല. 9/11ന് ശേഷം മൈക്കിള്‍ തന്റെ തൊഴില്‍ മേഖല മാറ്റി. അദ്ദേഹം ‘ഗൈഡ് ഡോഗ്‌സ് ഫോര്‍ ദി ബ്ലൈന്‍ഡി’ന്റെ പബ്ലിക് അഫയേഴ്സ് ഡയറക്ടറായി. തുടര്‍ന്ന് അദ്ദേഹം ‘തണ്ടര്‍ ഡോഗ്: ദി ട്രൂ സ്റ്റോറി ഓഫ് എ ബ്ലൈന്‍ഡ് മാന്‍, ഹിസ് ഗൈഡ് ഡോഗ്, ആന്‍ഡ് ദി ട്രയംഫ് ഓഫ് ട്രസ്റ്റ് അറ്റ് ഗ്രൗണ്ട് സീറോ’ എന്നീ പുസ്തകങ്ങളെഴുതി. റോസെലിന് 2002-ല്‍ എകെസിയില്‍ നിന്ന് ‘അവാര്‍ഡ് ഫോര്‍ കനൈന്‍ എക്‌സലന്‍സ്’ ലഭിച്ചു. കൂടാതെ, അവള്‍ക്കും സാള്‍ട്ടിക്കും (9/11 രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മറ്റൊരു ഗൈഡ് ഡോഗ്) ബ്രിട്ടീഷ് ചാരിറ്റിയായ ‘പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സി’ല്‍ നിന്ന് ‘ഡിക്കിന്‍ മെഡല്‍’ ലഭിച്ചു.

2004-ല്‍ അവള്‍ക്ക് ‘ഇമ്മ്യൂണ്‍-മീഡിയേറ്റഡ് ത്രോംബോസൈറ്റോപീനിയ’ എന്ന രോഗം കണ്ടെത്തി. മരുന്നുകള്‍ സഹായിച്ചെങ്കിലും, മരുന്നുകളുടെ പാര്‍ശ്വഫലമായി വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ 2007-ല്‍ അവള്‍ക്ക് വഴികാട്ടിയെന്ന ജോലിയില്‍ നിന്ന് വിരമിക്കേണ്ടി വന്നു. 2011 ജൂണ്‍ 26-ന് മരിക്കുന്നതുവരെ അവള്‍ മൈക്കിളിനൊപ്പം തുടര്‍ന്നു.