Sports

പന്ത് ചുരണ്ടൽ: ഫഖർ സമാന് വിലക്ക്: കടുത്ത നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ സീസണില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടര്‍ന്ന് ലാഹോര്‍ ഖലന്ദര്‍സ് താരം ഫഖര്‍ സമാനെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടൂര്‍ണമെന്റിലെ പെരുമാറ്റച്ചട്ടം ലെവല്‍ 3 ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഐ.സി.സി. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.14 പ്രകാരമാണ് താരത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

മാര്‍ച്ച് 29 ന് ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ കറാച്ചി കിങ്‌സിനെതിരേ നടന്ന മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പന്തിന്റെ അവസ്ഥയില്‍ മാറ്റം വരുത്തിയതായി അമ്പയര്‍മാര്‍ കണ്ടെത്തുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ലാഹോര്‍ ഖലന്ദര്‍സിന് അഞ്ച് റണ്‍സ് പിഴ ചുമത്തുകയും കറാച്ചി ഇന്നിങ്‌സിലെ അവസാന ഓവറിന് മുന്‍പായി പന്ത് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ ഷാഹിദ് സൈകത്ത്, ഫൈസല്‍ ഖാന്‍ അഫ്രീദി എന്നിവരുള്‍പ്പെട്ട അമ്പയറിങ് പാനലാണ് താരത്തിനെതിരെ പരാതി നല്‍കിയത്.കുറ്റം നിഷേധിച്ച ഫഖര്‍ സമാന്‍ അച്ചടക്ക സമിതിക്ക് മുന്‍പാകെ തന്റെ വാദങ്ങള്‍ നിരത്തിയെങ്കിലും മാച്ച് റഫറി റോഷന്‍ മഹാനാമ അത് തള്ളി. ലഭ്യമായ തെളിവുകള്‍ പരിശോധിച്ച ശേഷം ഫഖര്‍ സമാന്‍ കുറ്റക്കാരനാണെന്ന് റഫറി വിധിക്കുകയായിരുന്നു.

ലാഹോര്‍ നായകന്‍ ഷഹീന്‍ ഷാ അഫ്രീദി, ടീം ഡയറക്ടര്‍ സമീന്‍ റാണ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹിയറിങ് നടന്നത്. ലെവല്‍ 3 ലംഘനത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ രണ്ട് മത്സരങ്ങളിലെ വിലക്കാണ് താരത്തിന് നല്‍കിയിരിക്കുന്നത്. വിലക്ക് നിലവില്‍ വന്നതോടെ ലാഹോര്‍ ഖലന്ദര്‍സിന്റെ വരാനിരിക്കുന്ന രണ്ട് പ്രധാന മത്സരങ്ങള്‍ ഫഖര്‍ സമാന് നഷ്ടമാകും.

ഏപ്രില്‍ 3-ന് മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെ ലാഹോറിലും, ഏപ്രില്‍ 9-ന് ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെ കറാച്ചിയിലും നടക്കുന്ന മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകില്ല. ഈ തീരുമാനത്തിനെതിരെ 48 മണിക്കൂറിനുള്ളില്‍ ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാന്‍ താരത്തിന് അവകാശമുണ്ട്.