ബോളിവുഡ് താരം ആമിർ ഖാനും അദ്ദേഹത്തിന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ ബാന്ദ്രയിലെ ആമിറിന്റെ വസതിയിൽ വെച്ച് ജൂലൈ 5 ഞായറാഴ്ചയായിരുന്നു ലളിതമായ രീതിയിലുള്ള രജിസ്റ്റർ വിവാഹം. അടുത്ത കുടുംബാംഗങ്ങളും കുറച്ചു സുഹൃത്തുക്കളും മാത്രമാണ് ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്.
റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ ആമിറിന്റെ വീട്ടിൽ വെച്ചാണ് വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. ആമിറിന്റെ മക്കളായ ഇറ ഖാൻ, ജുനൈദ് ഖാൻ, മരുമകൻ നുപുർ ശിഖാരെ, സംവിധായകൻ അശുതോഷ് ഗോവാരിക്കർ, അംബാനി കുടുംബാംഗങ്ങൾ, നടി എല്ലി അവ്‌റാം, ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ, രാഷ്ട്രീയ നേതാവ് രാജ് താക്കറെ എന്നിവരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹത്തിന് മുന്നോടിയായി ഗൗരി സ്പ്രാറ്റ് ഇസ്ലാം മതം സ്വീകരിച്ചോ എന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ മതത്തെക്കുറിച്ചോ മതംമാറ്റത്തെക്കുറിച്ചോ ആമിറോ ഗൗരിയോ ഇതുവരെ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഗൗരി മതം മാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആമിർ ഖാന്റെ മുൻ ഭാര്യമാരായ റീന ദത്തയും കിരൺ റാവുവും വിവാഹശേഷവും തങ്ങളുടെ സ്വന്തം മതം തന്നെയാണ് പിന്തുടർന്നത്, അവർ മതം മാറിയിരുന്നില്ല. റീനയിലുള്ള മക്കളാണ് ഇറയും ജുനൈദും. കിരൺ റാവുമായുള്ള ബന്ധത്തിൽ ആസാദ് എന്ന മകനുമുണ്ട്. വിവാഹമോചനത്തിന് ശേഷവും കിരൺ റാവുവുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആമിർ, മകന്റെ കാര്യങ്ങളും സിനിമകളും ഒന്നിച്ച് കൊണ്ടുപോകുന്നുണ്ട്.
കഴിഞ്ഞ വർഷം തന്റെ 60-ാം ജന്മദിന ആഘോഷത്തിനിടെയാണ് ആമിർ ഖാൻ ഗൗരിയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്. അതിനുശേഷം ഇരുവരും ഒന്നിച്ച് പല പൊതുചടങ്ങുകളിലും പങ്കെടുത്തിരുന്നു. ആമിറിന്റെ കുടുംബവുമായി ഗൗരി നല്ല അടുപ്പത്തിലാണ്. വിവാഹ ചടങ്ങിൽ നിന്നുള്ള ആദ്യ ചിത്രം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വെള്ള വസ്ത്രമണിഞ്ഞ ഗൗരിയുടെ അരികിലിരുന്ന് ആമിർ വിവാഹ രേഖകളിൽ ഒപ്പുവെക്കുന്നതാണ് ചിത്രത്തിലുള്ളത്. ആമിറിന്റെ അമ്മ സീനത്ത് ഹുസൈനും മകൻ ആസാദും ഇവർക്കൊപ്പമുണ്ട്. എന്നാൽ വിവാഹശേഷം ഇരുവരും ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നിച്ച് എത്തിയിട്ടില്ല.




